![tamilnadu bus](/wp-content/uploads/2018/11/tamilnadu-bus.jpg)
കന്യാകുമാരി: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടേ എസ്.പി യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കന്യാകുമാരി ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം. മാര്‍ത്താണ്ഡം, ഇരവിപുത്തൂര്‍ക്കട,കരിങ്കല്‍ എന്നിവിടങ്ങളിലാണ് അക്രമമുണ്ടായത്. ഇവിടെ സര്‍വീസ് നടത്തിയിരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഏഴു ബസുകള്‍ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് തകര്‍ത്തു. അതേസമയം അക്രമത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച് ബസ് സര്‍വീസുകള്‍ പോലീസ് സംരക്ഷണത്തില്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ശ്രമം തുടങ്ങിയതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
അതേസമയം ഹര്‍ത്താലിലെ അക്രമത്തിനുള്ള സാധ്യത കണക്കിലെടുത്ത് കെ.എസ്.ആര്.ടി.സി ഇന്നലെ രാത്രി തന്നെ തമിഴ്നാട്ടിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിയിരുന്നു. ഇന്ന് കളിയിക്കാവിളവരെ മാത്രമാണ് കെ. എസ്.ആര്.ടി.സി സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ തമിഴ്നാട്, കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തിയതോടെ ഹര്‍ത്താലില്‍ അന്തര്‍സംസ്ഥാന ഗതാഗതം നിലച്ചു.
കന്യാകുമാരി, നാഗര്‍കോവില്‍ റൂട്ടുകളില്‍ ട്രെയിന്‍ സര്‍വ്വീസുകളെയാണ് യാത്രകാര്‍ ആശ്രയിക്കുന്നത്. അത്യാവശ്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും കടമ്പോളങ്ങള്‍ ഒന്നും തന്നെ തുറന്നില്ല. തൃക്കാര്‍ത്തിക പ്രമാണിച്ച് സ്കൂളുകള്‍ക്ക് അവധിയാണെങ്കിലും പ്രൊഫഷണല്‍ സ്ഥാപനങ്ങളുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം ഹര്‍ത്താലില്‍ തടസപ്പെട്ടു.
ഹര്‍ത്താല്‍ അനുകൂലികള്‍ തിങ്കള്‍ച്ചന്ത, അഗസ്തീശ്വരം, കല്‍ക്കുളം, വിളവന്‍കോട്, നാഗര്‍കോവില്‍, പദ്മനാഭപുരം, കുഴിത്തുറ, തിരുവട്ടാര്‍, തോവാള എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments