തിരുവനന്തപുരം•വിവാദ മദ്യപാന സമൂഹമാധ്യമ കൂട്ടായ്മയായ ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിന്‍ പാപ്പനംകോട് സ്വദേശി എല്‍. അജിത് കുമാര്‍ എക്സൈസ് അന്വേഷണ സംഘത്തിന് മുന്‍പാകെ കീഴടങ്ങി.
മദ്യപാനം പ്രോത്സാഹിപ്പാക്കാനായി കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചു, മദ്യപാന സദസ്സുകളില്‍ കുട്ടികളെ ഉപയോഗിച്ചു, സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകളും ചിത്രങ്ങളും പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എക്സൈസ് കേസെടുത്തത്.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രധാന അഡ്മിനായ അജിത് ഒളിവില്‍ പോയിരുന്നു. കേസില്‍ ഒന്നാം പ്രതിയായ അജിത് കുടുങ്ങിയതോടെ ഗ്രൂപ്പിലെ മറ്റ് അഡ്മിന്‍മാരെയും ഉടന്‍ നിയമത്തിന് മുന്നിലെത്തിക്കാനാകുമെന്നാണ് എക്‌സൈസിന്റെ പ്രതീക്ഷ. 36 ഓളം അഡ്മിന്‍മാരാണ് ഗ്രൂപ്പിനുണ്ടായിരുന്നത്. കേസായത്തോടെ ഇവരില്‍ ഭൂരിപക്ഷവും സ്വയം അഡ്മിന്‍ സ്ഥാനം ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു. ഇവരെ കണ്ടെത്താനായി എക്സൈസ് വകുപ്പ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.
അതേസമയം, അജ്ത് ഗ്രൂപ്പിന്റെ പേരില്‍ വന്‍ സാമ്പത്തിക തിരിമറിയും തട്ടിപ്പും നടത്തിയതായും ആരോപണമുണ്ട്. നേരത്തെ ഗ്രൂപ്പിന്റെ ലോഗോ ഉപയോഗിച്ചതിന്റെ പേരില്‍ ഒരു യുവാവില്‍ നിന്നും വമ്പന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും അജിത്തിനെതിരേ പരാതിയുണ്ട്.
അതേസമയം, ഗ്രൂപ്പിന്റെ മറവില്‍ അഡ്മിന്‍ അജിത് കുമാര്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ 90 പേര്‍ പങ്കെടുത്തതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. പാര്‍ട്ടി നടന്ന പാപ്പനംകോട്ടുള്ള ഹോട്ടലില്‍ എക്‌സൈസ് പരിശോധന നടത്തുകയും മാനേജരുടെയും ജീവനക്കാരുടെയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.
20 ലക്ഷത്തിലധികം പേരാണ് ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളത്.
അജിത് വിദേശത്ത് കടന്നതായും ഇയാളെ നിയമ സഹായത്താല്‍ കേരളത്തിലെത്തിക്കുമെന്നും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments