റാഞ്ചി: 2011-ലെ ലോകകപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിടുന്നതിന് കാരണമായ മഹേന്ദ്രസിംഗ് ധോണിയുടെ ആ സിക്സ് ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കില്ല. 274 റണ്‍സ് വിജയലക്ഷ്യവുമായി ശ്രീലങ്കയ്‌ക്കെതിരെ കളിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ സച്ചിനേയും സെവാഗിനേയും നഷ്ടപ്പെട്ടു. ഗംഭീറും കോഹ്‌ലിയും ചേർന്ന് ഇന്ത്യയെ കരകയറ്റിയെങ്കിലും കോഹ്ലി പുറത്തായി. പകരം ക്രീസിലെത്തേണ്ടത് യുവരാജായിരുന്നു. ലോകകപ്പില്‍ മികച്ച ഫോമിലായിരുന്ന യുവരാജിന് പകരം ധോണി കളത്തിലിറങ്ങിയത് എല്ലാവരേയും അമ്പരപ്പിച്ചു.
എന്നാൽ ധോണിയുടെ ആ തീരുമാനം ഇന്ത്യയ്ക്ക് വിജയത്തിലേക്കുള്ള വാതിലാണ് തുറന്നുനൽകിയത്. 79 പന്തില്‍ പുറത്താകാതെ 91 റണ്‍സാണ് ധോനി അടിച്ചെടുത്തത്. യുവരാജിന് പകരം താൻ ഇറങ്ങിയതിന്പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ധോണി ഇപ്പോൾ. ‘ ആ സമയത്ത് മുത്തയ്യ മുരളീധരനായിരുന്നു ബൗളിങ് എന്നതുകൊണ്ടാണ് യുവിക്ക് പകരം ഞാന്‍ ഇറങ്ങിയത്. ഐ.പി.എല്ലില്‍ ചെന്നൈയില്‍ മുരളീധരനോടൊപ്പം ഞാന്‍ കുറേ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മുരളീധരനെതിരെ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പായിരുന്നു’ എന്നാണ് ധോണി വ്യക്തമാക്കുന്നത്.
Post Your Comments