KeralaLatest News

പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞിട്ടില്ല; പോലീസിന്റെ വിശദീകരണം ഇങ്ങനെ

പമ്പ: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞതില്‍ വിശദീകരണവുമായി പോലീസ്. മന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്നും മന്ത്രി വ്യൂഹത്തിലുണ്ടായിരുന്ന മറ്റൊരു കാറാണ് തടഞ്ഞതെന്നും പോലീസ് വ്യക്തമാക്കി. വാഹന വ്യൂഹം തടഞ്ഞതറിഞ്ഞ് മന്ത്രി തിരികെ വരികയായിരുന്നെന്നും പ്രതിഷേധക്കാര്‍ ഉണ്ടെന്ന സംശയത്തിലാണ് കാര്‍ തടഞ്ഞതെന്നും പോലീസ് പറഞ്ഞു. മന്ത്രിയോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

കാറിലുണ്ടായിരുന്നവര്‍ പോലീസ് പട്ടികയിലുണ്ടായിരുന്നവരല്ല. ഇക്കാര്യം എഴുതി നല്‍കുക മാത്രമാണ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.  പ്രതിഷേധക്കാരുടെ വാഹനമാണെന്ന് തെറ്റിധരിച്ചാണ് മന്ത്രിയുടെ വാഹനം പോലീസ് പമ്പയില്‍ തടഞ്ഞെന്നും തുടര്‍ന്ന് മന്ത്രിയുടെ വാഹനമാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് മന്ത്രിയോട് മാപ്പുപറഞ്ഞുവെന്നുമാണ് ആദ്യം വന്നിരുന്ന വാര്‍ത്തകള്‍. പോലീസ് രേഖാമൂലം മാപ്പെഴുതി നല്‍കിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

അതേസമയം ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെയും പോലീസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്നോട് ഉത്തരവാദിത്വം ഏല്‍ക്കുമോ എന്ന എസ്പിയുടെ ചോദ്യം ശരിയായില്ല. സംസ്ഥാനത്തെ മന്ത്രിമാരോട് ഈ ചോദ്യം ചോദിക്കുമോ എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സര്‍ക്കാര്‍ സ്വയം തിരുത്താന്‍ തയ്യാറാവണം.കേരളത്തിന്റെത് മാത്രമല്ല ശബരില. രാജ്യത്തെ മുഴുവന്‍ ഭക്തര്‍ക്കും ശബരിമലയില്‍ എത്താനുള്ള അവസരം ഉണ്ടാക്കണം. തീര്‍ത്ഥാടകര്‍ക്ക് തടസ്സമില്ലാതെ വരാനാകണം. നിരോധനാജ്ഞ ഭക്തരെ തടയാന്‍ മാത്രമാണ് ഉപകരിക്കുന്നതെന്നും സന്നിധാനത്ത് ശരണം വിളിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുവതീ പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിയോട് പ്രതികരിക്കാനില്ലെന്നും രാഷ്ട്രീയ തീരുമാനങ്ങള്‍ പറയാനില്ലെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button