ArticleLatest News

ശബരിമല : ഗവർണർ മുഖ്യമന്ത്രിയെ കൂടിക്കാഴ്ചക്ക് വിളിച്ചു വരുത്തി : പ്രശ്നങ്ങൾ ഗൗരവത്തിലേക്ക് കടക്കുന്നോ ? കെ.വി.എസ് ഹരിദാസ് എഴുതുന്നു

ശബരിമല പ്രശ്നത്തിൽ സംസ്ഥാന ഗവർണ്ണർ ഇന്നിപ്പോൾ നേരിട്ട് ഇടപെട്ടത് ഹിന്ദു സംഘടനകൾക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം നടത്തിയ ചർച്ച ശബരിമലയുടെ പശ്ചാത്തലത്തിലാണ് എന്ന് വ്യക്തമാണ്. അതിൽ പ്രത്യേകിച്ച് ഒന്നുമില്ല എന്നാണ് സർക്കാർ പറഞ്ഞിരുന്നത്. ഗവർണറെ കാണാൻ മുഖ്യമന്ത്രി പോയതിൽ അതിശയോക്തിയില്ല എന്ന് . എന്നാൽ കൂടിക്കാഴ്ചക്ക് ശേഷം ഗവർണർ നാല് ട്വീറ്റുകളാണ് നടത്തിയത്. താൻ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി എന്ന് ഗവർണർ പറയുന്നില്ല എന്നത് ശരിയാണ്; പക്ഷെ, “ശബരിമല പ്രശ്നം ചർച്ചചെയ്യാൻ താൻ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ചു” എന്ന് ഗവർണർ വ്യക്തമാക്കിക്കഴിഞ്ഞു. വിവിധ നേതാക്കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി. വിളിച്ചുവരുത്തി എന്ന് ഗവർണർ പറയാത്തത് മര്യാദ. അതങ്ങിനെ പറയാനുള്ള സാധ്യത കുറവാണല്ലോ . എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും മാന്യത പുലർത്താൻ രണ്ടുപേരും തയ്യാറാവണമല്ലോ. കേന്ദ്ര സർക്കാരിനും ചിലതൊക്കെ ഇനി കണ്ടില്ലെന്ന് നടിക്കനാവാത്ത അവസ്ഥയായിരിക്കുന്നു. ഒരു പക്ഷെ ശബരിമലയിൽ കഴിഞ്ഞദിവസം ഒരു കേന്ദ്ര മന്ത്രിക്കുണ്ടായ ദുരാനുഭവങ്ങൾ, വിഷമങ്ങൾ, ഗവർണർക്കും കാണാതിരിക്കാനായിട്ടുണ്ടാവില്ല; കേന്ദ്ര സർക്കാർ തലത്തിൽ അന്വേഷണവും നടക്കുന്നുണ്ടാവണം. എന്തായാലും ഗവർണറുടെ നടപടി സംസ്ഥാന സർക്കാരിന് ചെറിയ തലവേദനയല്ല സൃഷ്ടിക്കുക.

കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ ഉന്നയിച്ച കാര്യങ്ങൾ മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിൽ ചൂണ്ടിക്കാട്ടി എന്ന് ഗവർണർ പറയുന്നുണ്ട്. അതിൽ ചിലതൊക്കെ സൂചിപ്പിക്കുകയും ചെയ്യുന്നു. ഹൈക്കോടതിയുടെ വിവിധ നിർദ്ദേശങ്ങൾ, ശബരിമലയിലും പരിസരത്തും പ്രഖ്യാപിച്ച വകുപ്പ് 144 അനുസരിച്ചുള്ള നിരോധനാജ്ഞ പിൻവലിക്കുന്നത്, പമ്പയിലും സന്നിധാനത്തുമൊക്കെ ഭക്തർക്ക് ആവശ്യം വേണ്ടുന്ന സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിച്ചിരിക്കുന്നു. വിവിധ ഹിന്ദു സംഘടനകൾ, പ്രതിപക്ഷ നേതാക്കൾ എന്നിവരെല്ലാം നൽകിയ നിവേദനവും ഗവർണർ സൂചിപ്പിച്ചിട്ടുണ്ട്. ഈ ട്വീറ്റുകളിൽ ചിലത് പൊൻ രാധാകൃഷ്ണൻ, പോലീസ് മേധാവി, മുഖ്യമന്ത്രിയുടെ ഓഫീസ് , ചെന്നിത്തല എന്നിവരെയൊക്കെ രാജ്ഭവൻ ടാഗ് ചെയ്തിട്ടുമുണ്ട്. അതായത് ബന്ധപ്പെട്ടവർ അറിയട്ടെ എന്ന് ഗവർണർ വിചാരിച്ചിരുന്നു എന്ന് വ്യക്തം. ഇത് ശരിയല്ല എന്നൊക്കെ മുഖ്യമന്ത്രി പറയാനിടയില്ല; എന്നാൽ സിപിഎം അതിനെതിരെ ഉടനെ രംഗത്ത് വരാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ.

ശബരിമലയിൽ ഇനിയും കാര്യങ്ങൾ സാധാരണ നിലയിലാവാനുണ്ട് എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി നിർദ്ദേശങ്ങൾക്ക് ശേഷം കാര്യങ്ങളിൽ കുറെയൊക്കെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്; തീർത്ഥാടകർക്ക് ശരണം വിളിക്കാം, ഉറക്കെ പ്രാർഥിക്കാം എന്ന സ്ഥിതിയായിരിക്കുന്നു. പക്ഷെ, അതുകൊണ്ട് എല്ലാമായി എന്ന് പറഞ്ഞുകൂടാ. ഇന്നും പോലീസ് തന്നെയാണ് സന്നിധാനത്ത് വാഴുന്നത്. ദേവസ്വം ബോർഡ് വെറും നോക്കുകുത്തിയായി നിലകൊള്ളുന്നു. വലിയ നടപ്പന്തൽ തുറന്നുകൊടുക്കണം എന്ന് കോടതി നിർദ്ദേശിച്ചതാണ്. അത് തുറന്നുകൊടുത്തു, പക്ഷെ, ഭാഗികമായിട്ട് . അവിടെയിരുന്ന് നാമം ജപിക്കാൻ തീർത്ഥാടകർക്ക് കഴിഞ്ഞു. എന്നാൽ രാത്രി അവിടെ കിടക്കാൻ അനുമതി നൽകിയില്ല. അതിന് തയ്യാറായവരെ പോലീസ് കയ്യോടെ ഒഴിപ്പിച്ചു. എന്നിട്ട് അവരെ പറഞ്ഞയച്ചതോ, മാളികപ്പുറത്തിന് സമീപം ദുർഗന്ധം വമിക്കുന്ന പ്രദേശത്തേക്കും. അവിടെയെയാണ് രാത്രി കിടക്കേണ്ടത് എന്നതാണ് പോലീസ് തീരുമാനിക്കുന്നത്. കഴിഞ്ഞ ദിവസം സന്ധ്യക്ക് സന്നിധാനത്ത് നാമജപം നടത്തിയവരെ എസ്‌പി പിടിച്ചുകൊണ്ടുപോയത് അവിടേക്കാണ് എന്നതോർക്കുക. വാവർ നടയിലേക്കും തീർത്ഥാടകർക്ക് സ്വതന്ത്രമായി പോകാനാവുന്നില്ല. എന്നാൽ പാതിരാത്രിയിൽ തീർത്ഥാടകരെ സന്നിധാനത്ത് നിന്ന് പറഞ്ഞുവിടുന്ന രീതി അവസാനിപ്പിച്ചു; മാത്രമല്ല ഇന്നലെ മുതൽ രാത്രിയിൽ പമ്പയിൽ നിന്ന് അയ്യപ്പന്മാർക്ക് സന്നിധാനത്തേക്ക് പോകാനും സാധിക്കുന്നുണ്ട്.

പക്ഷെ, പോലീസ് ഒതുങ്ങാൻ ഒരുക്കമല്ല എന്ന് കാണിച്ചു തരുന്നു. സന്നിധാനത്തേക്ക് ഇരുമുടിക്കെട്ടുമായി പോയ ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് വിവാദമായതാണല്ലോ. സുരേന്ദ്രന് പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചതാണ്; അപ്പോഴേക്കും മറ്റൊരു കേസിലെ വാറണ്ട് ഹാജരാക്കി ജയിൽ മോചനം വൈകിച്ചു. അതൊക്കെ പോലീസ് സമ്പ്രദായമാണ്; ആവശ്യമുള്ളവരെ ആവശ്യമുള്ളിടത്തോളം ജയിലിൽ അടയ് ക്കാൻ അവർക്ക് പല വിദ്യകളുണ്ട്. ഇന്നിപ്പൊഴിതാ ചിത്തിര ആട്ട നാളിൽ സ്ത്രീകളെ ആക്രമിക്കാൻ ഗൂഢ പദ്ധതിയിട്ടു എന്ന് പറഞ്ഞുകൊണ്ട് കെ സുരേന്ദൻ, വത്സൻ തില്ലങ്കേരി, പ്രകാശ് ബാബു, വിവി രാജേഷ് എന്നിവർക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്. അതും ജാമ്യം ലഭിക്കാത്തവിധത്തിലുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് ഉണ്ടായ തിരിച്ചടിയുടെ ദോഷം തീർക്കാൻ ഇതേ അവർക്ക് ചെയ്യാനാവൂ. പാർട്ടി സഖാക്കളുടെ ആത്മവിസ്വാസം ആർജിക്കാനും അത് പോലീസിനും സർക്കാരിനും ആവശ്യമായേക്കാം. നാളെകളിൽ ഇത്തരം കേസുകൾ കൂടുതലായി ഹിന്ദു- ബിജെപി നേതാക്കൾ പ്രതീക്ഷിക്കുന്നുണ്ടാവണം.


കേന്ദ്രത്തിലെ ഭരണകക്ഷി എന്ന നിലക്ക് ചിലതൊക്ക ചെയ്യാനാവുമെന്ന് ബിജെപി കരുതുന്നുണ്ട്, തീർച്ച. ഐപിഎസ് ഓഫീസര്മാരിൽ ചിലരുടെ ഭാഗത്തുനിന്നുണ്ടായ മോശമായ പെരുമാറ്റം ആ പാർട്ടിയുടെ നേതാക്കളെ ചെറുതായല്ല വേദനിപ്പിച്ചത്. കെ സുരേന്ദ്രനോട് കാണിച്ച അപമര്യാദ, ശശികല ടീച്ചർക്ക് നിലക്കൽ ബസിൽ പൊതുജനമധ്യത്തിലുണ്ടായ ദുരാനുഭവം, അവസാനം അത് മന്ത്രി പൊൻ രാധാകൃഷ്‌ണന്‌ വരെ ബുദ്ധിമുട്ടുണ്ടാക്കി. സന്നിധാനത്തും അത് കണ്ടതാണ്. പോലീസ് സമ്പ്രദായമാണ് എന്ന് ഔദ്യോഗിക വിശദീകരണം വരുമ്പോൾ തന്നെ ഹൈക്കോടതിക്ക് പോലും അത് ബോധ്യപ്പെട്ടു എന്ന് തോന്നുന്നില്ല. സന്നിധാനത്തെ സംഭവവികാസങ്ങൾ ജഡ്ജിമാരും കണ്ടിരിക്കുമല്ലോ, ടിവി ചാനലുകളിലൂടെ. അതിന്റെ സിസിടിവി ക്ലിപ്പിംഗ് കൊണ്ടുവരേണ്ടിവരും എന്ന് കോടതി സൂചിപ്പിച്ചത് ഓർമ്മിക്കുക. ഇതിൽ പലരും പഴയകാലത്ത് സിപിഎമ്മിന്റെ വിമർശനങ്ങൾക്ക് വിധേയരായവരാണ് എന്നതുമോർക്കുക. അവർക്കെതിരായ കേസുകളെക്കുറിച്ച് കോടതിക്ക് ആരായേണ്ടിവന്നത് ചെറിയ കാര്യമല്ലല്ലോ. എന്തിനാണ് അത്തരക്കാരെ സന്നിധാനത്ത് പോസ്റ്റ് ചെയ്തത് എന്നത് ന്യായീകരിക്കാൻ അഡ്വക്കേറ്റ് ജനറലിന് ഏറെ വിഷമിക്കേണ്ടിവരും. മാത്രമല്ല, അതേസമയത്ത്, എന്തുകൊണ്ടാണ് ഈ കാലയളവിൽ മുതിർന്ന മറ്റ്‌ പല ഉദ്യോഗസ്ഥരും ലീവിൽ പോയത് എന്നചോദ്യമുയർന്നില്ലെങ്കിലല്ലേ അതിശയമുള്ളൂ. അത് സർക്കാരിനെപ്പോലും വിഷമിത്തിലാക്കാൻ ആണ് സാധ്യത.

ശബരിമലയിലും പരിസരത്തും മറ്റുമുള്ള നിരോധനാജ്ഞ ഇന്ന് അവസാനിക്കുകയാണ്. ഹൈക്കോടതി അത് ഏർപ്പെടുത്തിയ സാഹചര്യം ഫയലുകൾ സഹിതം വിശദീകരിക്കാൻ പത്തനംതിട്ട ജില്ല കളക്ടർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരിക്കുന്നു. ഇത്രയേറെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ ആ നിരോധനഞ്ജ ഇനിയും തുടരുമോ എന്നതും കാത്തിരുന്ന് കാണേണ്ടതുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന് അത് തുടരാൻ ആഗ്രഹമുണ്ടാകും.പക്ഷെ, കളക്ടർ എന്ത് പറയും, എങ്ങിനെ ന്യായീകരിക്കും എന്നതൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്.

അതേസമയം ഹിന്ദു പ്രസ്ഥാനങ്ങൾ ശക്തമായി മുന്നോട്ട് പോകുകയാണ്. കഴിഞ്ഞദിവസം ജയിൽ മോചിതരായ അയ്യപ്പന്മാർക്ക് ഇന്ന് പന്തളത്ത് നൽകിയ സ്വീകരണം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇന്നലെ അവർക്ക് തലസ്ഥാന നഗരി നൽകിയത് വീരോചിതമായ സ്വീകരണമായിരുന്നുവല്ലോ. അവരുടെ ഇരുമുടിക്കെട്ടുകൾ മുഴുവൻ ഇനി സന്നിധാനത്ത്‌ കയറാൻ കോടതി അനുവദിക്കുന്നത് വരെ പന്തളം ക്ഷേത്രത്തിൽ സൂക്ഷിക്കാനാണ് തീരുമാനം. നെയ്യഭിഷേകത്തിനായി കാത്തിരുന്നവരെയാണ് നാമം ജപിച്ചതിന്റെ പേരിൽ സന്നിധാനത്തുനിന്ന് അറസ്റ്റ് ചെയ്തത് എന്നതോർക്കുക. പന്തളം രാജകുടുംബം ഈ വിഷയത്തിൽ ഹിന്ദുത്വ പ്രസ്ഥാനങ്ങൾക്കൊപ്പമുണ്ട് എന്ന് പ്രഖ്യാപിക്കുന്നു എന്നതാണ് ഇന്നത്തെ ആ ചടങ്ങിന്റെ പ്രത്യേകത. സ്വാഭാവികമായും ശബരിമല തന്ത്രി കുടുംബവും അതിനൊപ്പമാണല്ലോ; അങ്ങിനെയാണ് കരുതാനാവുക.

മറ്റൊന്ന് ശ്രദ്ധിക്കേണ്ടത്, കന്യാകുമാരി ജില്ലയിൽ നാളെ നടക്കുനാണ് ബന്ദ് ആണ്. പൊൻ രാധാകൃഷ്ണനോട് ശബരിമലയിൽ പോലീസ് മോശമായി പെരുമാറിയതിന് പ്രതിഷേധിച്ചാണ് ആ ബന്ദ് ആഹ്വാനം. അത് അവിടെനിന്ന് വളരാതെ ശ്രദ്ധിക്കേണ്ടത് സംസ്ഥാന സർക്കാരിനെ ചുമതലയാണ് എന്നത് പറയേണ്ടതില്ലല്ലോ. ഒരു അന്തർ സംസ്ഥാന വിഷയമായി അത് മാറിക്കൂടാ, ഒരു കാരണവശാലും. ഇവിടെ ഒരു കാര്യം കൂടിയുണ്ട്. ഇപ്പോൾ തന്നെ തീർത്ഥാടകരുടെ വരവ് കുറവാണ്. ഇത്തരം പ്രശ്നങ്ങൾ കൂടിയുണ്ടായാലോ?.

shortlink

Related Articles

Post Your Comments

Related Articles


Back to top button