Latest NewsInternational

രാജവെമ്പാലയുടെ തുടിക്കുന്ന ഹൃദയം വേണോ അതോ കാളയുടെ ലിംഗം കൊണ്ടുണ്ടാക്കിയ ബുള്‍സ് പെനിസ് വേണോ; വിവിധതരം ഭക്ഷണ വിഭവങ്ങളുമായി ഡിസ്ഗസ്റ്റിംഗ് ഫുഡ് മ്യൂസിയം

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വിവിധ തരം ഭക്ഷണങ്ങളാണ് മ്യൂസിയത്തിലുള്ളത്.

ഒരിത്തിരി മനക്കട്ടിയോടുകൂടി വേണം ഡിസ്ഗസ്റ്റിംഗ് ഫുഡ് മ്യൂസിയത്തിലേക്ക് കയറാന്‍. സാധാരണയായി കൊതിയൂറുന്ന വിഭവങ്ങള്‍ നമ്മുടെ നാവിന്‍ തുമ്പില്‍ കപ്പലോടിക്കാനുള്ള വെള്ളം കൊണ്ടുവരാറില്ലേ. എന്നാല്‍ ഈ ഫുഡ് മ്യൂസിയത്തില്‍ അതല്ല അവസ്ഥ. ഭക്ഷണം പലര്‍ക്കും പല നാടുകളിലും പലവിധമാണ്. അതില്‍ നമുക്ക് അത്ര പെട്ടെന്ന് അംഗീകരിക്കാന്‍ കഴിയാത്ത ചില ഭക്ഷണ വിഭവങ്ങളാണ് ഡിസ്ഗസ്റ്റിംഗ് ഫുഡ് മ്യൂസിയം പരിചയപ്പെടുത്തുന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വിവിധ തരം ഭക്ഷണങ്ങളാണ് മ്യൂസിയത്തിലുള്ളത്. മലയാളികള്‍ക്ക് പ്രിയപ്പെട്ട കൊഞ്ച് കറി മുതല്‍ കേട്ട് പരിചയമുള്ള മുയലിന്റെ തല കൊണ്ടുള്ള വിഭവം വരെയുണ്ട് പ്രദര്‍ശനത്തില്‍.

നല്ല ചുടുചോരയോടൊപ്പം വിളമ്പുന്ന രാജവെമ്പാലയുടെ തുടിക്കുന്ന ഹൃദയം സ്‌ക്രീനില്‍ കാണാം. പിന്നെ കാളയുടെ ലിംഗം കൊണ്ടുണ്ടാക്കിയ ബുള്‍സ് പെനിസും പുല്‍ച്ചാടി വറുത്തതും, ചീഞ്ഞ സ്രാവിന്‍ മുകളില്‍ വിതറിയ ക്രീമി പുഴുക്കളും ഒക്കെ ഇതില്‍ ഉള്‍പ്പെടുന്നു.

തീരെ പൊടിക്കുഞ്ഞന്‍ എലികളെയിട്ട് വാറ്റിവച്ചിരിക്കുന്ന വൈനും എലിയെ നിര്‍ത്തിപ്പൊരിച്ചതും, ആമയുടെയും വാവലിന്റെയും സൂപ്പും ആടിന്റെ തലച്ചോറ് കൊണ്ടുണ്ടാക്കിയ സ്റ്റ്യൂവുമൊക്കെ ധാരാളം പേരാണ് രുചിക്കുന്നത്. വിഭവങ്ങളുടെ പട്ടിക ഇത്തരത്തില്‍ നീണ്ടു പോവുകയാണ്.

 

സ്വീഡനിലെ മാല്‍മോ എന്ന നഗരത്തിലാണ് ജനുവരി 27 വരെ തുടരുന്ന പ്രദര്‍ശനത്തിനായി ഡിസ്ഗസ്റ്റിംഗ് ഫുഡ് മ്യൂസിയമൊരുക്കിയിരിക്കുന്നത്. ഒട്ടേറെ ആളുകളാണ് ഉദ്ഘാടന ദിവസം മുതല്‍ മ്യൂസിയം സന്ദര്‍ശിക്കാന്‍ ഇവിടെ എത്തുന്നത്. സ്വീഡനിലെ പ്രദര്‍ശനത്തിന് ശേഷം യൂറോപ്പിലും ലോകത്തിന്റെ പല ഭാഗങ്ങളിലുമായി പ്രദര്‍ശനമൊരുക്കാനാണ് തുടര്‍ന്നുള്ള സംഘടകരുടെ പദ്ധതി.

സാമുവല്‍ വെസ്റ്റ് എന്ന വ്യക്തിയാണ് ‘ഡിസ്ഗസ്റ്റിംഗ് ഫുഡ് മ്യൂസിയം’ എന്ന ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.പല ഭക്ഷണ വിഭവങ്ങളും കാണാന്‍ മാത്രമേ ഭൂരിപക്ഷം സന്ദര്‍ശകര്‍ ധൈര്യപ്പെടുകയുള്ളൂ. എങ്കിലും ഏതെങ്കിലും ഒരു വിഭവമെങ്കിലും രുചിക്കാതെ ആരെയും മ്യൂസിയത്തിന് പുറത്തേക്ക് വിടാന്‍ ഒരുക്കല്ലെന്നാണ് മ്യൂസിയം ജീവനക്കാര്‍ പറയുന്നത്.

നമ്മള്‍ വളര്‍ന്ന സാഹചര്യങ്ങളും നമ്മുടെ കാഴ്ച്ചപ്പാടുകളും എങ്ങനെയാണു എന്നതിന് അനുസരിച്ചിരിക്കും ഇത്തരം ഭക്ഷണങ്ങളോടുള്ള നമ്മുടെ സമീപനവും. നമ്മള്‍ കഴിക്കുന്ന ഭക്ഷണം മാത്രമല്ല ഭക്ഷണം. മറ്റുള്ള നാടുകളില്‍ അവര്‍ കഴിക്കുന്ന ഇത്തരം സാധനങ്ങള്‍ അവരുടെ ഭക്ഷണം തന്നെയാണ്. അതൊക്കെ മനസ്സിലാക്കാനും രുചിക്കാനും ഒരു നല്ല അവസരമാണിത്. മ്യൂസിയം ഡയറക്ടര്‍ ആന്‍ഡ്രിയാസ് ഏറെന്‍സ് പറഞ്ഞു

shortlink

Post Your Comments


Back to top button