Latest NewsKerala

പോലീസ് നിയന്ത്രണത്തിലായി താഴെ തിരുമുറ്റവും വലിയ നടപ്പന്തലും

ശബരിമല: വലിയ നടപ്പന്തലിലും താഴെതിരുമുറ്റത്തും നിയന്ത്രണമേര്‍പ്പെടുത്തി പോലീസ്. ചിത്തിര ആട്ടവിശേഷത്തിന് ഇവിടങ്ങളിലുണ്ടായ സംഘര്‍ഷാവസ്ഥ ഇനിയും ഉണ്ടാകാതിരിക്കാനാണ് നിയന്ത്രണം ശക്തമാക്കിയത്. ശബരിമലയിലെ പ്രധാനപ്പെട്ട ഈ രണ്ടു സ്ഥലങ്ങളെയും പ്രതിഷേധക്കാരില്‍നിന്ന് സംരക്ഷിക്കുക എന്നതാണ് പോലീസിന്റെ തന്ത്രം.ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഇവിടങ്ങളില്‍ വിശ്രമിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി തിരുമുറ്റത്ത് വെച്ചായിരുന്നു നാമജപ പ്രതിഷേധം നടന്നത്. ഭക്തരെ ഇവിടെ തങ്ങാനനുവദിക്കാത്തതിനാല്‍ ഞായറാഴ്ച ഉച്ചയ്ക്ക് നടയടച്ച സമയം വലിയ നടപ്പന്തല്‍ വിജനമായിരുന്നു.

പമ്പയില്‍ നിന്നുമാണ് നിയന്ത്രണം തുടങ്ങുന്നത്. മരക്കൂട്ടത്തു നിന്നും നിശ്ചിതയെണ്ണം തീര്‍ഥാടകരെമാത്രമേ കയറ്റിവിടുന്നുള്ളൂ. ഒരു കാരണ വശാലും സുരക്ഷാ വീഴ്ചയുണ്ടാകരുതെന്ന് പോലീസിന് കര്‍ശന നിര്‍ദേശം ലഭിച്ചിട്ടുണ്ട്. തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാറിനാണ് പമ്പയുടെ ചുമതല.സഹായത്തിനായി ഏറണാകുളം റൂറല്‍ എസ്.പി രാഹുല്‍ ആര്‍ നായരേയും നിയോഗിച്ചിട്ടുണ്ട്.ഐ.ജി പി. വിജയനാണ് സന്നിധാനത്തിന്റെ ചുമതല. എസ്.പി വി. അജിത്തിന് മരക്കൂട്ടത്തിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. നിയന്ത്രണം നീക്കണമെന്ന് ദേവസ്വംബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വലിയ നടപ്പന്തലിലും താഴെ തിരുമുറ്റത്തും ഒരു വിട്ടുവീഴ്ചയ്ക്കും പോലീസ് തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button