പത്തനംതിട്ട :ശബരിമല പ്രതിഷേധം ആളിക്കത്തുന്നു. സംസ്ഥാനത്ത് ഇന്ന് പ്രതിഷേധ ദിനം. ഞായറാഴ്ച രാത്രി വൈകി സന്നിധാനത്തു നാമജപപ്രതിഷേധം സംഘടിപ്പിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവരുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കുന്നത്.
മാളികപ്പുറത്തു വിരിവയ്ക്കാന്‍ അനുവദിക്കാതെ പൊലീസ് ഭക്തരെ തടഞ്ഞതിനെ തുടര്‍ന്നാണു രാത്രി പ്രതിഷേധം നടന്നത്. ഹരിവരാസനം പാടി നടയടച്ചതിനു ശേഷവും പ്രതിഷേധം തുടര്‍ന്നതോടെയാണ് ഇവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയത്. നെയ്യഭിഷേകം നടത്തിയ ശേഷം അറസ്റ്റിന് വഴങ്ങാമെന്നു പ്രതിഷേധക്കാര്‍ നിലപാടെടുത്തെങ്കിലും ഇത് അംഗീകരിക്കാന്‍ പൊലീസ് തയാറായില്ല. 50 ഓളം പേരെയാണ് രാത്രി ഏറെ വൈകി അറസ്റ്റ് ചെയ്തത്.
ഇവരെ രണ്ട് സംഘങ്ങളായി പമ്പയിലെത്തിച്ച് പൊലീസ് വാഹനത്തില്‍ കയറ്റികൊണ്ടുപോയി. അറസ്റ്റ് ചെയ്തവര്‍ക്കെതിരെ പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തും. ഇതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാമജപ പ്രതിഷേധം നടന്നു.
Post Your Comments