Latest NewsArticle

ശരണം വിളിച്ചാലും വിരി വച്ചാലും അറസ്റ്റ് : ഇത് ശബരിമലയോ യുദ്ധഭൂമിയോ?

സുരക്ഷാക്രമീകരണങ്ങളുടെ പേരില്‍ പൊലീസ് ശബരിമലയില്‍ നടത്തുന്ന ഇടപെടലുകള്‍ രാജ്യം മുഴുവന്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പമ്പയും നിലയ്ക്കലും സന്നിധാനവും പൊലീസ് കയ്യടക്കിയിരിക്കുമ്പോള്‍ പ്രതിഷേധത്തിന്റെ ഭാഗമല്ലാത്ത മാലയിട്ട് വ്രതമെടുത്ത അയ്യപ്പന്‍മാര്‍ പോലും യാത്ര മാറ്റി വയ്ക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. എന്തിനാണ് ശബരിമലയില്‍ ഇത്രയധികം സുരക്ഷയെന്ന ജനങ്ങളുടെ ആശങ്ക ബഹുമാനപ്പെട്ട ഹൈക്കോടതിയും ഉന്നയിച്ചിരിക്കുന്നു. ശബരിമലയില്‍ ഇത്ര കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്തിനാണെന്നും ഭക്തരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാത്തതിന്റെ സാഹചര്യമെന്താണെന്ന് വിശദീകരിക്കാനും കോടതി ആശ്യപ്പെട്ടിരിക്കുകയാണ്.


നിലവില്‍ ശബരിമലയില്‍ നടക്കുന്ന പ്രതിഷേധം മുഴുവന്‍ ശരണം വിളിച്ചുകൊണ്ടാണ്. പൊലീസിനെയോ സര്‍ക്കാരിനെയോ എതിര്‍ക്കുന്ന നീക്കങ്ങളോ മുദ്രാവാക്യങ്ങളോ അവിടെ മുഴങ്ങുന്നുമില്ല. പകരം യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന ഒരു വിഭാഗം അതിന് അനുവദിക്കില്ലെന്ന നിലപാടുമായി സന്നിധാനത്ത് വന്നുപോകുന്നുണ്ട്. യുവതികളാരും പമ്പയില്‍പ്പോലും ദര്‍ശനത്തിനായി എത്തിയിട്ടില്ല. അവര്‍ വന്നാല്‍ അതിന് അനുവദിക്കില്ലെന്ന ഉറച്ച നിലപാട് പ്രതിഷേധക്കാര്‍ക്കുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പൊലീസ് സുരക്ഷയോടെ എത്തുന്നവരെ അവര്‍ തടയുകയോ പ്രതിഷേധിക്കുകയോ ചെയ്യുമെന്നും ഉറപ്പുള്ള കാര്യം തന്നെ. പക്ഷേ ഇതൊന്നുമില്ലാതെയും അയ്യപ്പന്‍മാരോട് കുറ്റവാളികളോടെന്നപോലെ പൊലീസ് പെരുമാറുന്നതിന്റെ ഔചിത്യമാണ് മനസിലാകാത്തത്.

പ്രകോപിപ്പിക്കുന്നത് പൊലീസോ പ്രതിഷേധക്കാരോ

യുവതീ പ്രവേശനം ഉണ്ടാകുമെങ്കില്‍ മാത്രമേ പ്രതിഷേധം നടക്കുകയുള്ളു എന്നറിഞ്ഞിട്ടും ഭക്തരെ അനാവശ്യമായി നിയന്ത്രണങ്ങളില്‍ കുടുക്കി ബുദ്ധിമുട്ടിക്കുകയും വിശ്വാസികളെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന പൊലീസ് നടപടി ആരുടെ നിര്‍ദേശം അനുസരിച്ചാണെന്നാണ് അറിയേണ്ടത്. പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന നേതാക്കന്‍മാര്‍ സന്നിധാനത്ത് എത്തിയാല്‍ അത് പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം നല്‍കുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. എന്നാല്‍ ഒരു നേതാവും സന്നിധാനത്ത് എത്താതെ തന്നെ നിതാന്ത്ര ജാഗ്രത പുലര്‍ത്താനും ഒരു കാരണവശാലും യുവതികള്‍ എത്തില്ലെന്ന് ഉറപ്പിക്കാനും നൂറു കണക്കിന് വിശ്വാസികള്‍ സന്നിധാനത്തും പരിസരത്തുമുണ്ടെന്നാണ് പൊലീസിന് ്തന്നെ ലഭിക്കുന്ന വിവരം. കാര്യമായ പ്രതിഷേധപ്രകടനങ്ങളൊന്നും നടത്താതെ നിശബ്ദരായി അയ്യപ്പനെ തൊഴുതു മടങ്ങുന്ന ഇവരെ പ്രകോപിപ്പിച്ച് സന്നിധാനത്തെ അന്തരീക്ഷം മോശമാക്കാന്‍ ശ്രമിക്കുന്നത് ക്രമസമാധാനച്ചുമതല വഹിക്കുന്ന പൊലീസ് തന്നെയാണെന്നത് വിരോധാഭാസമാകുന്നു. സന്നിധാനത്ത് കയറരുതെന്ന് കെട്ടുനിറച്ചെത്തിയ ഒരു അയ്യപ്പനോട് പറയാന്‍ പൊലീസിന് എന്ത് അവകാശമെന്ന ചോദ്യം ഹൈക്കോടതി ചോദിച്ചുകഴിഞ്ഞിരിക്കുന്നു. കോടതി വിധിയുടെ മറവില്‍ പൊലീസ് അതിക്രമം കാണിക്കുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുമ്പോള്‍ അത് പൊലീസ് പ്രതിക്കൂട്ടിലാകുകയാണ്.

അയ്യപ്പന്‍മാരെ പമ്പയിലെത്തിച്ചത് കുറ്റവാളികളെപ്പോലെ

ഞായറാഴ്ച്ച മാളികപ്പുറത്തു വിരിവയ്ക്കാന്‍ ശ്രമിച്ച അയ്യപ്പന്‍മാരെ പൊലീസ് അതിന് അനുവദിക്കാതെ തടഞ്ഞു. ഇതേത്തുടര്‍ന്ന് സന്നിധാനത്ത് ഒരു വിഭാഗം നാമജപപ്രതിഷേധം സംഘടിപ്പിക്കുകയും ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു. രാത്രി ഏറെ വൈകി നൂറോളം പേരെയാണ് അറസ്റ്റ് ചെയ്തത്. ു. അതേസമയം ഹരിവരാസനം പാടി നടയടച്ചതിനു ശേഷവും പ്രതിഷേധം തുടര്‍ന്നതോടെയാണ് അയ്യപ്പന്‍മാരെ ബലം പ്രയോഗിച്ചു നീക്കിയതെന്നാണ് പൊലീസ് പറയുന്നത്. നെയ്യഭിഷേകം നടത്തിയ ശേഷം അറസ്റ്റിന് വഴങ്ങാമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ പൊലീസ് ബലാത്കരമായി ഇവരെ അറസ്റ്റ് ചെയ്തതാണ് ഞായറാഴ്ച്ച രാത്രി പരക്കെ പ്രതിഷേധത്തിന് ഇടയാക്കിയത്. അറസ്റ്റിലായവരെ മാറ്റിയ റാന്നിയിലെ മണിയാര്‍ എആര്‍ ക്യാംപിന് മുന്നിലും വന്‍ പ്രതിഷേധം നടന്നു. രാവിലെ നാല് മണിയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.


അറസ്റ്റിലായ ആദ്യസംഘത്തെ എവിടേക്കാണെന്ന് പോലും വ്യക്തമാക്കാതെ സ്വാമി അയ്യപ്പന്‍ റോഡിലൂടെ ചെളിക്കുഴിയില്‍ എത്തിച്ച് രാത്രി ഒരുമണിയോടെ പൊലീസ് ബസില്‍ കയറ്റി. അറസ്റ്റ് ചെയ്തവരെ കുറ്റവാളികളെപ്പോലെ സായുധരായി വന്‍പൊലീസ് അകമ്പടിയില്‍ പമ്പയിലേക്ക് നടത്തി കൊണ്ടുപോയി. . സായുധരായ വന്‍ പൊലീസ് സംഘത്തിന്റെ അകമ്പടിയുണ്ടായിരുന്നു. കൂടാതെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് അമരക്കൂട്ടം, പമ്പ, ചെളിക്കുഴി, ത്രിവേണി എന്നിവിടങ്ങളിലെല്ലാം പൊലീസിനെ വിന്യസിക്കുകയും ചെയ്തു. നിരോധനാജ്ഞ ഉള്ളതിനാല്‍ ഒരു കാരണവശാലും ശരണംവിളിക്കാന്‍ പാടില്ലെന്നാണ് സന്നിധാനത്തെ പൊലീസ് നടപടിയെ എസ്പി പ്രതീഷ് കുമാര്‍ നടപടിയെ ന്യായീകരിക്കുന്നത്. ഇതിനിടെ താഴെവീണ കട്ടപ്പന സ്വദേശിയായ തീര്‍ഥാടകന്‍ മനോജിനെ പൊലീസ് ബൂട്ടിട്ടു ചവിട്ടിയെന്ന് ആരോപണമുയര്‍ന്നു. ഇതെ ചൊല്ലി തീര്‍ഥാടകരും എസ്പിയുമായി തര്‍ക്കമായി. മനോജിനെ പിന്നീടു സന്നിധാനത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാവരുസ്വാമിയെ മറച്ച് ബാരിക്കേഡുകള്‍

ഇതിന് പുറമേ പൊലീസ് ഇടപെടല്‍ ഇതരസംസ്ഥാനത്ത് നിന്നുള്‍പ്പെടെ എത്തുന്ന അയ്യപ്പന്‍മാര്‍ക്ക് വലിയ അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ദര്‍ശനത്തിനു ശേഷം മാളികപ്പുറത്തമ്മയെ കണ്ടു തൊഴുതു ഭക്തര്‍ നേരെ വാവരുനടയില്‍ എത്തി കാണിക്കയിട്ടു പ്രാര്‍ഥിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ പൊലീസിനെ ഭയന്ന് വാവര്‍ നടയിലേക്ക് പോകാനാകാത്ത അവസ്ഥയിലാണ് അയ്യപ്പന്‍മാര്‍. വാവരു നടയിലെ ബാരിക്കേഡു മറികടക്കാനുള്ള അസൗകര്യം കാരണം വാവരുസ്വാമിയെ തൊഴാതെ മലയിറങ്ങുകയാണ് മിക്ക അയ്യപ്പന്മാരും. വാവരുനട മുതല്‍ വടക്കേനട വരെ വലിയ ഇരുമ്പു ബാരിക്കേഡ് സ്ഥാപിച്ച് ഒരാള്‍ക്കു കടന്നു പോകാവുന്ന അകലം ഇട്ട് അവിടെ പൊലീസിനെ കാവല്‍ നിര്‍ത്തിയിരിക്കുകയാണ്. പൊലീസിനെ ഭയന്നു തീര്‍ഥാടകര്‍ ഇവിടേക്കു പോകാന്‍ മടിക്കുന്നു.
പതിനെട്ടാംപടിക്കു സമീപമുള്ള അപ്പം, അരവണ കൗണ്ടറിലേക്കു പോകുന്ന വഴിയും ബാരിക്കേഡ് കെട്ടി അടച്ചതിനാല്‍ വഴിപാടു പ്രസാദം വാങ്ങാതെയാണു പലരും മടങ്ങുന്നത്. ദര്‍ശനം കഴിഞ്ഞ നാളികേരം ഉടയ്ക്കാറുള്ള മഹാകാണിക്കയുടെ അടുത്തുളള കരിങ്കല്‍ ഭിത്തിയുടെ സമീപത്തേക്കും നിയന്ത്രണമുള്ളതിനാല്‍ അധികമാരും കടക്കുന്നില്ല.

ശബരിമലയില്‍ നടക്കുന്നത് പൊലീസ് രാജെന്ന് കോണ്‍ഗ്രസ്

ശബരിമലയില്‍ നടക്കുന്നത് പൊലീസ് രാജാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയത്തിന്റെ പേരില്‍ അയ്യപ്പഭക്തരെ തടയുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അനാവശ്യ നിയന്ത്രണങ്ങള്‍ ഭക്തരുടെ എണ്ണം കുറയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണെന്നും ശബരിമലയിലെ അസൗകര്യങ്ങള്‍ പഠിക്കാന്‍ കെപിസിസി നിയോഗിച്ച മൂവര്‍ സംഘത്തില്‍ ഉളല്‍പ്പെട്ട തിരുവഞ്ചൂര്‍ പ്രതികരിച്ചു. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാതെ ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ വാശിപിടിക്കുകയാണെന്ന് സംഘത്തിലുണ്ടായിരുന്ന മുന്‍ ദേവസ്വംമന്ത്രി വിഎസ് ശിവകുമാറും കുറ്റപ്പെടുത്തി. തീര്‍ത്ഥാടകര്‍ക്കും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുമുള്‍പ്പടെ ഇവിടെയുള്ള ആര്‍ക്കും ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നു സംഘം വിലയിരുത്തി. ഒരുക്കങ്ങളില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

അമിതഇടപെടല്‍ വേണ്ടെന്ന് ഹൈക്കോടതിയും

അതേസമയം ശബരിമലയില്‍ വിന്യസിച്ചിരിക്കുന്ന പൊലീസ് ജനക്കൂട്ടത്തെ കൈകാര്യംചെയ്യുന്നതിന് പരിശീലനം ലഭിച്ചിട്ടുള്ളവരാണോ എന്നത് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിയോഗിച്ചിരിക്കുന്ന പൊലീസുകാര്‍ക്ക് ശബരിമല ഡ്യൂട്ടിയിലുള്ള പരിചയം എന്തെന്ന് വ്യക്തമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതി വിധിയുടെ പേരില്‍ അമിത ഇടപെടല്‍ പാടില്ലെന്നും ശബരിമലയില്‍ ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടുള്ള പൊലീസ് ഓഫിസര്‍മാര്‍ക്ക് ജനങ്ങളെ നിയന്ത്രിച്ചു മുന്‍പരിചയമുണ്ടോയെന്നും കോടതി ചോദിച്ചു. നടപ്പന്തല്‍ ഉള്‍പ്പെടെയുള്ള സ്ഥലം ഭക്തര്‍ക്ക് വിശ്രമിക്കാനുള്ളതാണെന്നും പൊലീസുകാരുടെ സ്ഥാനം ബാരക്കിലാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍ ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആസൂത്രിതശ്രമം നടന്നിട്ടുണ്ടെന്നും നടപ്പന്തലില്‍ ആര്‍എസ്എസ്സുകാര്‍ പ്രശ്‌നമുണ്ടാക്കിയെന്നും അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. സംഘമായി എത്തണമെന്ന ബിജെപി സര്‍ക്കുലര്‍ എജി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

Sannidhana,
വൈകാരികമായ ഒരു വിഷയം ഏകാധിപത്യെേത്താടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം മാത്രമാണ് ശബരിമല വിഷയത്തെ ഇത്രയധികം സങ്കീര്‍ണമാക്കുന്നതെന്ന തിരിച്ചറിയല്‍ മാത്രമാണ് ശബരിമലയെ കലാപഭൂമിയാക്കുന്നതില്‍ നിന്ന് തടയാനുള്ള ഏക വഴി. രണ്ട നിലപാടുകില്‍ ഉറച്ചുനിന്ന് ഒരു വിഷയം കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന താളപ്പിഴകളെല്ലാം ശബരിമലയില്‍ സംഭവിക്കുമ്പോള്‍ അത് ഒട്ടും ആശാസ്യമല്ലെന്ന് എടുത്തു പറയേണ്ടി വരും. സമവയാത്തിനുള്ള ശ്രമങ്ങള്‍ എവിടെയെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് അധികാരികളുടെയും പ്രതിഷേധക്കാരുടെയും മുന്നിലുള്ളത്. അതിനുള്ള സമയം ഇപ്പോള്‍ തന്നെ അതിക്രമിച്ചിരിക്കുന്നു. നിയമപരമായോ രാഷ്ട്രീയമായോ ഈ വിഷയം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ നേിടേണ്ടി വരുന്ന നഷ്ടം ഒട്ടും ചെറുതായിരിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button