തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ നിന്ന് ഭക്ഷണപ്പൊതികള്‍ ഒഴിവാക്കുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് നിര്‍ദേശം. പകരം സ്റ്റീല്‍ പാത്രത്തിൽ ചോറുകൊണ്ടുവരാം. മാത്രമല്ല,സ്‌കൂളിലെ പൊതുവേദിയില്‍ അതിഥികള്‍ക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ചില സ്‌കൂളുകള്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശങ്ങള്‍.
മാത്രമല്ല,സ്റ്റീല്‍ കുപ്പികളില്‍ കുടിവെള്ളം കൊണ്ടുവരാന്‍ കുട്ടികളെ പ്രേരിപ്പിക്കണം. സ്‌കൂള്‍ വളപ്പില്‍ പ്ലാസ്റ്റിക് കാരി ബാഗുകളോ പ്ലാസ്റ്റിക് കുപ്പികളോ കൊണ്ടുവരരുതെന്നും, ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്നും, ഇതിനുപുറമെ,സ്‌കൂളില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം വേണമെന്നും അദ്ദേഹം അറിയിച്ചു.
ശുചിമുറികളില്‍ ജലലഭ്യത ഉറപ്പാക്കണം. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ,സ്‌കൂളുകളില്‍ നടക്കുന്ന യോഗങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കാരി ബാഗുകള്‍, പേപ്പര്‍ കപ്പുകള്‍ എന്നിവ ഉപയോഗിക്കരുതെന്നും പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ബൊക്കെ, പ്ലാസ്റ്റിക്/ഫ്‌ളെക്‌സ് ഉപയോഗിച്ചുള്ള ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നും ഡയറക്ടർ അറിയിച്ചു.
Post Your Comments