Latest NewsKerala

സന്നിധാനത്ത് ഭക്തര്‍ക്ക് നേരെയുള്ള പൊലീസ് കടുത്തനിയന്ത്രണത്തിന് എതിരെ ദേവസ്വംബോര്‍ഡ്

തീവ്രവാദ ആക്രമണ സാധ്യതയുണ്ടെന്ന കേന്ദ്രഇന്റലിജെന്‍സ് മുന്നറിയിപ്പ് ഉണ്ടെന്ന് പൊലീസ്

ശബരിമല/ : സന്നിധാനത്ത് ഭക്തര്‍ക്ക് നേരെയുള്ള പൊലീസിന്റെ കടുത്തനിയന്ത്രണത്തിന് എതിരെ ദേവസ്വംബോര്‍ഡ് രംഗത്ത്. രാത്രി വിരിവയ്ക്കാനുള്ള നിയന്ത്രണം ഇപ്പോഴും തുടരുന്നതിനാല്‍ നെയ്യഭിഷേകം നടത്താനാഗ്രഹിക്കുന്ന തീര്‍ഥാടകര്‍ വലയുന്നു. സന്നിധാനത്തു വിരിവച്ചവരെ ഇന്നലെയും കൂട്ടത്തോടെ ഒഴിപ്പിച്ചു.

രാത്രി 11നു നടയടച്ച ശേഷം പമ്പയില്‍നിന്ന് ആരെയും സന്നിധാനത്തേക്കു കയറ്റിവിടുന്നില്ല. നിലയ്ക്കലില്‍ നിന്നു പമ്പയിലേക്കു രാത്രി 9.30നും 12നുമിടയ്ക്കു ബസുകള്‍ വിടേണ്ടെന്നാണു കെഎസ്ആര്‍ടിസിക്കു പൊലീസിന്റെ നിര്‍ദേശം. പൊലീസ് സംവിധാനത്തില്‍ എന്തൊക്കെ മാറ്റമാകാമെന്ന നിര്‍ദേശങ്ങളും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായുള്ള കൂടിക്കാഴ്ചയില്‍ ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് മുന്നോട്ടുവച്ചു. ഇതു സംബന്ധിച്ച് ഇന്നു തീരുമാനമുണ്ടായേക്കും.

തീവ്രവാദ സ്വഭാവമുള്ളവര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയേക്കാമെന്ന കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാനാണു ബെഹ്‌റ ഉന്നത ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നക്കാരെന്നു കരുതുന്നവരെ മുന്‍കരുതലായി കസ്റ്റഡിയിലെടുക്കാനും നിര്‍ദേശമുണ്ട്.

നെയ്യഭിഷേകത്തിനു ഭക്തര്‍ സന്നിധാനത്തു വിശ്രമിക്കുന്നതിനു കുഴപ്പമില്ലെന്നും എന്നാല്‍ പ്രതിഷേധം ലക്ഷ്യമിട്ടെത്തുന്നവരെ തങ്ങാന്‍ അനുവദിക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സന്നിധാനത്തെ കടകളും അപ്പം, അരവണ കൗണ്ടറുകളും രാത്രി അടയ്ക്കണമെന്ന നിര്‍ദേശം കഴിഞ്ഞദിവസം മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നു പിന്‍വലിച്ചിരുന്നു. പമ്പ മുതല്‍ പ്രാഥമികാവശ്യങ്ങള്‍ക്കു സൗകര്യമില്ലെന്നതും തീര്‍ഥാടകരെ വലയ്ക്കുന്നു. ഉള്ള ശുചിമുറികളില്‍ വെള്ളമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button