അബുദാബി: അബുദാബിയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ആദ്യ ഹിന്ദുക്ഷേത്ര നിര്‍മ്മിതിക്കുള്ള ചുവന്നകല്ല് രാജസ്ഥാനില്‍ നിന്നും എത്തിക്കും. യു.എ.ഇയിലെ പ്രത്യേക കാലാവസ്ഥയെ മുന്‍നിര്‍ത്തി നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് ഏറ്റവും അനുയോജ്യമായ മണല്‍കല്ലുകള്‍ രാജസ്ഥാനില്‍ നിന്നും കടല്‍മാര്‍ഗം അബുദാബിയിലേക്കെത്തിക്കാന്‍ തീരുമാനമായത്. 50 ഡിഗ്രി സെല്‍ഷ്യസ് ചൂടിലും കേടുപാടുകളില്ലാതെ കാലങ്ങളോളം നിലനില്‍ക്കുന്നവയാണ് ഈ ചുവന്ന കല്ലുകള്‍. യൂറോപ്പില്‍നിന്നെത്തിക്കുന്ന മാര്‍ബിളും ക്ഷേത്രനിര്‍മാണത്തില്‍ ഉപയോഗിക്കുന്നുണ്ട്. അബുദാബിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യമായിരുന്ന ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍വഹിച്ചത്.
അബുദാബി-ദുബായ് പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡില്‍ അല്‍ റഹ്ബ പ്രദേശത്ത് ഗവണ്‍മെന്റ് അനുവദിച്ച 13.7 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിക്കാന്‍ പോകുന്നത്. ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവും. ഇന്ത്യയിലെ അക്ഷര്‍ധാം ക്ഷേത്രംപോലുള്ള പുരാതനക്ഷേത്രങ്ങളുടെ ശില്‍പമാതൃകകള്‍ കടമെടുത്തും യു.എ.ഇ.യുടെ തനത് ശില്പകലാ ബിംബങ്ങള്‍ ഉള്‍ക്കൊള്ളിച്ചുമായിരിക്കും ക്ഷേത്രത്തിന്റെ നിര്‍മ്മിതി.സാധാരണ ഗതിയില്‍ ക്ഷേത്ര ഗോപുരങ്ങള്‍ക്ക് മൂന്നോ അഞ്ചോ ഗോപുരങ്ങളാണ് പതിവ്. എന്നാല്‍ അബുദാബിയില്‍ ഉയരുന്ന ക്ഷേത്രത്തിന് യു.എ.ഇ.യിയോടുള്ള നന്ദി സൂചകമായി ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങളാണ് ഉണ്ടാവുകയെന്ന് ക്ഷേത്രനിര്‍മിതിയുടെ ചുമതലയുള്ള ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്ഥ വക്താക്കള്‍ വ്യക്തമാക്കി.ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു്‌ളവര്‍ക്ക് ദര്‍ശിക്കാനെത്താവുന്ന തരത്തില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മ്മാണ പുരോഗതി പൊതുജനങ്ങളെ അറിയിക്കാന്‍ www.mandir.aeഎന്ന വെബ്സൈറ്റും കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു.
Post Your Comments