Latest NewsIndia

ആ എഴുത്തുകാരന്റെ ഒരു ഓട്ടോഗ്രാഫിനായി താന്‍ ക്യൂ നിന്നിട്ടുണ്ടെന്ന് സച്ചിന്‍

പ്രമുഖ മറാത്ത എഴുത്തുകാരന്‍ പിഎല്‍ ദേശ്പാണ്ഡെ ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച അദ്ദേഹത്തിന് അവിസമരണീയമായ ദിവസമാകുമായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു അന്നേ ദിവസം അദ്ദേഹത്തിന്റെ വസതിയിലെ വിവിഐപി അതിഥി. ആ സന്ദര്‍ശനത്തിന് ശേഷം സച്ചിന്‍ പറഞ്ഞ വാക്കുകള്‍ ദേശ്പാണ്ഡെക്ക് കിട്ടിയ ആദരവിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു.

സര്‍ ഡോണ്‍ ബ്രാഡ്മാന്റെ വീട്ടിലെത്തിയപ്പോള്‍ എന്നിക്കുണ്ടായ അതേ വികാരം തന്നെയായിരുന്നു ദേശ്പാണ്ഡെയുടെ വസതിയിലും അനുഭവിച്ചതെന്നായിരുന്നു സച്ചിന്‍ പറഞ്ഞത്. 1998 ലായിരുന്നു താന്‍ ഡോോണ്‍ ബ്രാഡ്മാന്റെ വീട്ടിലെത്തിയതെന്നും സച്ചിന്‍ അനുസ്മരിച്ചു. പിഎല്‍ ദേശ്പാണ്ഡെയുടെ നൂറാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് തുടങ്ങുന്ന ‘ഐ ലവ് പിഎല്‍ ‘ എന്ന കാമ്പെയിനിന് തുടക്കമിടാനായിരുന്നു സച്ചിന്‍ പൂനെയിലെത്തിയത്.

ഭണ്ഡാര്‍ക്കര്‍ റോഡിലെ മാലതി മാധവ് അപ്പാര്‍ട്ടമെന്റിലാണ് സച്ചിന്‍ എത്തിയത്. ക്രിക്കറ്റ്കാരന് എഴുത്തുകാരനുമായി എന്തു ബന്ധമെന്നാണെങ്കില്‍ തന്റെ കുടുംബവും ദേശ്പാണ്ഡെയുടെ കുടുംബവും തമ്മിലുള്ള ബന്ധം സച്ചിന്‍ വ്യക്തമാക്കും. സാഹിത്യകാരനായ സച്ചിന്റെ പിതാവ് രമേശ് ടെന്‍ഡുല്‍ക്കറും ദേശ്പാണ്ഡെയും അടുത്ത സുഹൃത്തുക്കളായിരുന്നു. ദേശ്പാണ്ഡെ അയച്ച ഒട്ടേറെ കത്തുകള്‍ അച്ഛന്‍ തന്നെ കാണിച്ചിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

തങ്ങള്‍ താമസിച്ചിരുന്ന സൊസൈറ്റിയില്‍ ഒരുപാട് പ്രമുഖ സാഹിത്യകാരന്‍മാര്‍ താമസിച്ചിരുന്നെന്നും എന്നാല്‍ പിഎല്‍ അവിടെയെത്തിയാല്‍ അത് മറ്റൊരു അനുഭവമാകുമായിരുന്നെന്നും സച്ചിന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഒരു ഓട്ടോഗ്രാഫിനായി താന്‍ ക്യൂ നിന്നിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

അതേസമയം സച്ചിനായി പിഎല്ലിന്റെ കുടുംബാംഗങ്ങള്‍ വിശേഷപ്പെട്ട ഒരു സമ്മാനം കരുതി വച്ചിരുന്നു. 1996 ല്‍ ആശുപത്രിയില്‍ കഴിഞ്ഞ ദേശ്പാണ്ഡെയെ കാണാന്‍ സച്ചിന്‍ എത്തിയപ്പോള്‍ എടുത്ത ഫോട്ടോയായിരുന്നു അത്. ഒരുപാട് ഓര്‍മകള്‍ സമ്മാനിക്കുന്ന ചിത്രമാണിതെന്ന് സച്ചിന്‍ ദേശ്പാണ്ഡെയുടെ കുടുംബം നല്‍കിയ പാരിതോഷികം സ്വീകരിച്ചുകൊണ്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button