ന്യൂഡല്‍ഹി: ഡൽഹി സർവകലാശാല വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റ് അങ്കിവ് ബസോയയെ പുറത്താക്കി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാള്‍ അഡ്മിഷന് നേടിയതെന്ന് കണ്ടെത്തിയതിന് പിന്നാലെ ബുദ്ധിസ്റ്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റിലെ അഡ്മിഷന് റദ്ദാക്കുകയായിരുന്നു. തിരുവള്ളുവര്‍ സര്‍വകലാശാലയില്‍നിന്നു ബിരുദം നേടി എന്ന് അവകാശപ്പെട്ടാണ് അങ്കിവ് ബസോയ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയത്. അങ്കിവിന്റെ മാര്‍ക്ക്ഷീറ്റ് വ്യാജമാണെന്നതിന്റെ തെളിവുകള്‍ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് ഓഫ് ഇന്ത്യ പുറത്തുവിട്ടതിന് പിന്നാലെ അങ്കിവിനെ എബിവിപിയില്നിന്നു പുറത്താക്കിയിരുന്നു. സര്‍വകലാശാല യൂണിയന് പ്രസിഡന്റ് സ്ഥാനം രാജിവച്ചൊഴിയാനും അങ്കിവിനോട് എബിവിപി നേതൃത്വം ആവശ്യപ്പെട്ടു. അങ്കിവ് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരുവള്ളൂര്‍ സര്‍വകലാശാല ഡല്‍ഹി യൂണിവേഴ്സിറ്റി അധികൃതരെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബസോയയെ ഡിപ്പാര്‍ട്ട്മെന്റില്‍നിന്നു പുറത്താക്കിയത്.
Post Your Comments