Latest NewsKerala

സർവകലാശാലാ അക്കാദമിക് പരിപാടികളുടെ കൈമാറ്റം അഭിനന്ദനീയം: മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ കൗൺസിൽ യോഗം ചേർന്നു

തിരുവനന്തപുരം :സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ അവയുടെ അക്കാദമിക് പരിപാടികൾ പരസ്പരം കൈമാറുന്നതു സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ തീരുമാനം അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആദ്യയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാലകളുടെ കോഴ്സുകൾക്ക് തുല്യത നൽകുകയും അംഗീകാരം നൽകുകയും പൊതുവായ അക്കാദമിക് രൂപരേഖ സൃഷ്ടിക്കുകയും ചെയ്ത് വലിയ ഉത്തരവാദിത്തമാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിർവഹിക്കാനൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസമേഖലയെ വലിയ നിക്ഷേപമായിത്തന്നെയാണ് കാണേണ്ടത്. പ്രാപ്യത, ഗുണനിലവാരം ഇവയ്ക്കൊക്കെ ഊന്നൽ നൽകാൻ നമുക്ക് കഴിയണം. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ ആറു ശതമാനം വരെ ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനം നീക്കിവയ്ക്കുകയാണ്. നവകേരള സൃഷ്ടി എന്ന വലിയ ഉത്തരവാദിത്തത്തിനിടയിലും ഉന്നതവിദ്യാഭ്യാസരംഗത്തെ ആവശ്യങ്ങൾ കണ്ടറിഞ്ഞുകൊണ്ടാണ് സർക്കാർ ഇടപെടുന്നത്. കേരളത്തിന്റെ വികസനപ്രവർത്തനങ്ങളെ സംബോധന ചെയ്യുന്നവിധത്തിൽ ഗവേഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന തരത്തിൽ ഗവേഷണ സ്ഥാപനങ്ങളെ രൂപപ്പെടുത്താൻ കഴിയണം. എല്ലാ വിഷയത്തിലും റഫറൻസിനുപകരിക്കുന്ന ജേണലുകൾ പ്രസിദ്ധീകരിക്കാൻ സർവകലാശാലകൾ ശ്രദ്ധിക്കണം. ഇതിനു മുൻകയ്യെടുക്കുന്ന വിധം കോളേജുകളെയും വകുപ്പുകളെയും ശാക്തീകരിക്കാൻ നടപടികൾ സ്വീകരിക്കണം.

കേരളത്തിൽ സർവകലാശാലകളിൽ ഓരോ വർഷവും അധ്യാപകർ നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങളും അവരുടെ ധൈഷണികമായ ഇടപെടലുകളും ഉൾക്കൊള്ളുന്ന ജേണൽ പ്രസിദ്ധീകരിക്കാനും അവ ഓൺലൈനായി ലഭ്യമാക്കാനും സംവിധാനമുണ്ടാകണം. മനുഷ്യ വിഭവശേഷിയുടെ കാര്യത്തിലും ഭൗതികശേഷിയുടെ കാര്യത്തിലും എല്ലാ സർവകലാശാലകളും ഒരേ നിലയിലല്ല. ഭേദപ്പെട്ട നിലയിൽ വികസിച്ച സർവകലാശാലകൾ പോലും അവയ്ക്ക് സാധ്യമായ പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് പറയാൻ സാധിക്കാത്ത സാഹചര്യമാണ്. കുട്ടികളെ ആഗോളതലത്തിൽ മത്സരിക്കാൻ പ്രാപ്തരാക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പങ്കുണ്ട്. ഇതിന് സർവകലാശാലകളെ ലോകോത്തര നിലവാരത്തിലേക്കുയർത്തണം.ആഗോള വിജ്ഞാന മേഖലയിലുണ്ടാകുന്ന പുതിയ വെളിച്ചങ്ങൾ പകർത്താനും നമ്മുടെ വിദ്യാഭ്യാസ നിലവാരത്തെ ഉയർത്തിയെടുക്കാനും സാധിക്കണം. സംസ്ഥാനത്തിന്റെ പുനർനിർമാണത്തിന് ശരിയായ പിന്തുണ ഉന്നത വിദ്യാഭ്യാസ രംഗത്തിന് കഴിയണം. സാലറി ചലഞ്ചിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് അധ്യാപക സമൂഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് സർവകലാശാല നടത്തുന്ന കമ്പൽസറി സോഷ്യൽ സർവീസ് സ്‌കീം മാതൃകാപരമാണ്. ഇത് മറ്റു സർവകലാശാലകളിലും ആരംഭിക്കാവുന്നതാണ്. ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ അനുവദിക്കുന്നതിന്റെ ഫലപ്രാപ്തി വിലയിരുത്താനും കഴിയണം. മറ്റൊരു സർവകലാശാലയിൽ ഉപരിപഠനം നടത്തുമ്പോൾ വിദ്യാർത്ഥി നേരിടുന്ന പ്രശ്നങ്ങൾ ഒഴിവാക്കണം. അക്കാദമികവും ഭരണപരവുമായ നിരവധി പ്രശ്നങ്ങൾ അധ്യാപകർക്കിടയിലുണ്ട്. അവ പരിഹരിക്കണം. പരീക്ഷകൾ നടന്നാൽ താമസിയാതെ ഫലം അറിയാൻ കഴിയണം. അക്കാദമിക് താത്പര്യങ്ങൾക്കാണ് മുൻഗണനയുണ്ടാകേണ്ടത്. നിയമങ്ങളിലും കീഴ്‌വഴക്കങ്ങളിലും പുതിയ നടപടിക്രമങ്ങൾ സർക്കാർ കൊണ്ടുവരും. സർവകലാശാലാ ഭരണവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമർപ്പിച്ച റിപ്പോർട്ട് സർക്കാരിന്റെ മുന്നിലുണ്ട്. അത് പരിഗണിച്ച് നടപടി സ്വീകരിക്കും. ഔട്ട്കം ബേസ്ഡ് എഡ്യുക്കേഷൻ എന്ന സങ്കൽപം ആഗോളതലത്തിൽത്തന്നെ ഇപ്പോൾ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട് സർവകലാശാലകളിലെ കോഴ്സുകളും പ്രോഗ്രാമുകളും പുതിയ സങ്കൽപത്തിനനുസൃതമായി നവീകരിക്കണം. നടത്തുന്ന കോഴ്സുകളുടെ ഫലപ്രാപ്തി എന്താണെന്ന് സർവകലാശാലകൾ അധികം വൈകാതെ പ്രസിദ്ധീകരിക്കും എന്നു കരുതുന്നു. ഓരോ സർവകലാശാലയും ബിരുദധാരികൾക്കുണ്ടാകേണ്ട കഴിവുകളും അറിവുകളും പൊതുജനങ്ങളെ അറിയിക്കുന്നതിന് ഗ്രാജ്വേറ്റ് ആട്രിബ്യൂട്ട്സ് പ്രസിദ്ധീകരിക്കണം.

നാക് അക്രഡിറ്റേഷൻ സംവിധാനം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനതലത്തിലുള്ള ഒരു പരിശോധന കൂടി വരുന്നതുകൊണ്ട് എത്രത്തോളം നേട്ടം ഉണ്ടാകുമെന്ന് പരിശോധിക്കണം. നോബൽ സമ്മാനാർഹരെയും അക്കാദമിക് രംഗത്തെ ആഗോള പ്രതിഭകളെയും ക്ഷണിച്ചു വരുത്തി ക്ലാസുകൾ നടത്തുന്ന പദ്ധതി സർവകലാശാലകൾക്കും കോളേജുകൾക്കും ഗുണകരമാണ്. ആഗോളതലത്തിൽത്തന്നെ അക്കാദമിക് നെറ്റ്വർക്ക് സൃഷ്ടിക്കാനും അക്കാദമിക് സഹകരണം സാധ്യമാക്കാനും ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. നഷ്ടപ്പെട്ട പ്രഗദ്ഭരെ തിരിച്ചുവിളിച്ച് നിശ്ചിത കാലത്തേക്ക് നമ്മുടെ സർവകലാശാലകളിൽ അധ്യാപനത്തിനും ഗവേഷണത്തിനും സാഹചര്യമൊരുക്കുന്ന ബ്രെയിൻ ഗെയിൻ പദ്ധതിയും മികച്ച ഫലമുണ്ടാക്കുന്നതാണ്. സ്വയംഭരണ കോളേജുകൾ സംബന്ധിച്ച് കൗൺസിൽ നൽകിയ പഠന റിപ്പോർട്ടും സർക്കാർ ഗൗരവമായി കാണും. ഓപ്പൺ സർവകലാശാലകൾ സംസ്ഥാനത്ത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. കൗൺസിൽ നൽകിയ നിർദേശങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് അതിന്റെ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുല്യതാ മനദണ്ഡങ്ങൾ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രസിദ്ധീകരിച്ച ഹാൻഡ് ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button