തിരുവനന്തപുരം: സമാധാനപരമായ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി ക്രമീകരിച്ചിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളുമായി ജനം സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്താകമാനം കലാപങ്ങള്‍ സൃഷ്ടിക്കാനും ചിലര്‍ക്കു താത്പര്യമുണ്ടാകാം. ഇത്തരം താത്പര്യക്കാരുടെ കൈകളില്‍ കേരള ജനത പെട്ടുപോകരുതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
ഭക്തര്‍ക്കു സമാധാനപരമായി അയ്യപ്പ ദര്‍ശനം നടത്തി മടങ്ങിപ്പോകുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളാണ് ശബരിമലയില്‍ സ്വീകരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേര് എത്തിച്ചേരുന്ന തീര്‍ത്ഥാടനകേന്ദ്രം എന്ന നിലയില്‍ ഇവിടെ ഉണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ സംസ്ഥാനത്തിന്റെ തന്നെ യശസിന് കോട്ടമുണ്ടാക്കും. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്. നവമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് ജനജീവിതത്തെ അസ്വസ്ഥമാക്കുന്നതിനുള്ള ഇടപെടലുകളും ചിലരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവരുന്നുണ്ട്. കേരളം ഇന്നേവരെ കണ്ടതില്‍ വച്ച് എറ്റവും വലിയ പ്രളയക്കെടുതിയെയാണ് നാം അതിജീവിച്ചത്. ഈ യോജിപ്പ് ഇക്കാര്യത്തിലും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകാനാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments