Latest NewsKerala

മണ്ഡലകാലം തുടങ്ങുംമുമ്പേ കാല്‍നടയാത്ര തുടങ്ങി; പ്രതിഷേധക്കാർ കാനന പാതകൾ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് പോലീസ്

ശബരിമല : മണ്ഡലകാലം തുടങ്ങുംമുമ്പേ തീർത്ഥാടകർ കാല്‍നടയാത്ര ആരംഭിച്ചുകഴിഞ്ഞു. സാധാരണഗതിയില്‍ മണ്ഡലതീര്‍ത്ഥാടനം പകുതി പിന്നിട്ടശേഷമേ കാനനപാത വഴിയുള്ള തീര്‍ത്ഥാടനം സജീവമാകാറുള്ളൂ. എന്നാല്‍, ഇക്കുറി യുവതീപ്രവേശനവിവാദത്തിന്റെ പശ്‌ചാത്തലത്തില്‍ വൃശ്ചികം ഒന്നിനു മുമ്പുതന്നെ എരുമേലി ലക്ഷ്യമിട്ട്‌ തീര്‍ത്ഥാടകസംഘങ്ങള്‍ പദയാത്രയാരംഭിച്ചു.

എരുമേലി വഴി, അഴുതയില്‍നിന്നുള്ള പരമ്പരാഗത കാനനപാത, വണ്ടിപ്പെരിയാറില്‍നിന്നുള്ള പുല്ലുമേട്‌ പാത എന്നിവിടങ്ങളിലൂടെ പ്രതിഷേധക്കാരും ശബരിമലയിലെത്താന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുള്ളതിനാല്‍ പോലീസ്‌ അതീവജാഗ്രതയിലാണ്‌. നിലയ്‌ക്കല്‍ ബേസ്‌ ക്യാമ്പ് കേന്ദ്രീകരിച്ചാണു തീര്‍ത്ഥാടകര്‍ക്കു പോലീസ്‌ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. എന്നാല്‍ കാനനപാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്കു നേരിട്ടു പമ്പയിലും പുല്ലുമേടു വഴി സഞ്ചരിക്കുന്നവര്‍ക്കു നേരിട്ടു സന്നിധാനത്തും എത്താന്‍ കഴിയും.അട്ടത്തോട്‌ തിരുവാഭരണപാത വഴിയും സന്നിധാനത്തെത്താം.

യുവതികള്‍ വന്നാല്‍ തടയുന്നതിനായി, കൊടുംവനത്തിലൂടെ സന്നിധാനത്തെത്താന്‍ ആറു വഴികളെങ്കിലും പ്രതിഷേധക്കാര്‍ കണ്ടുവച്ചിട്ടുണ്ട്‌. പോലീസ്‌ സ്‌റ്റേഷനില്‍നിന്നു വാഹനങ്ങള്‍ക്കു പാസ്‌ വാങ്ങണമെന്ന നിബന്ധനയും നിലയ്‌ക്കലില്‍നിന്നു നിയന്ത്രണവിധേയമായി കെ.എസ്‌.ആര്‍.ടി.സി. ബസിലേ പമ്പയിലെത്താന്‍ കഴിയൂവെന്നതും കൂടുതല്‍പേരെ കാല്‍നടതീര്‍ത്ഥാടനത്തിനു പ്രേരിപ്പിക്കുന്നു.

തീര്‍ത്ഥാടനം ആരംഭിച്ച ശേഷമേ സാധാരണ വനത്തിലൂടെ കാൽനടയാത്ര ഭക്തർ നടത്താറുള്ളു അല്ലാത്തപക്ഷം യാത്ര വളരെ ദുസ്സഹമാണ്. അനുവദനീയമല്ലാത്ത കാനനപാതകളിലൂടെ എത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാനാണു വനംവകുപ്പിന്റെ തീരുമാനം. ഇതിനായി കൂടുതല്‍ ഉദ്യോഗസ്‌ഥരെ വനത്തില്‍ വിന്യസിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button