Latest NewsKeralaIndia

കാര്യങ്ങൾ കൈവിട്ടു പോകുമെന്നായപ്പോൾ സി ഐ എസ് എഫ് ഇടപെടുന്നു, തൃപ്തിയേയും കൂട്ടുകാരികളേയും അറസ്റ്റ് ചെയ്‌തേക്കും

ക്രമസമാധാന പ്രശ്‌നത്തിന്റെ പേരില്‍ തൃപ്തിയെ സി ഐ എസ് എഫ് അറസ്റ്റ് ചെയ്ത് തിരിച്ചയക്കാനാണ് സാധ്യത.

തിരുവനന്തപുരം: വിശ്വാസങ്ങളെ വെല്ലുവിളിച്ച്‌ ശബരിമല സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിയെ എത്രയും വേഗം മടക്കി അയക്കുന്നതാണ് നല്ലതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അല്ലാത്തപക്ഷം സംസ്ഥാനത്തെ ക്രമസമാധാന നില തന്നെ വഷളായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തൃപ്തി ദേശായിയെ മടക്കി അയക്കാന്‍ പൊലീസ് നീക്കം തുടങ്ങി. ക്രമസമാധാന പ്രശ്‌നത്തിന്റെ പേരില്‍ തൃപ്തിയെ സി ഐ എസ് എഫ് അറസ്റ്റ് ചെയ്ത് തിരിച്ചയക്കാനാണ് സാധ്യത.

1.45ന് കൊച്ചിയില്‍ നിന്ന് പൂനയിലേക്ക് വിമാനമുണ്ട്. ഇതില്‍ മടക്കി അയക്കാനാണ് നീക്കം.വിമാനത്താവളത്തിനു പുറത്തേയ്ക്ക് പോലും ഇറക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് പ്രതിഷേധക്കാര്‍.രാവിലെ 4.30 ന് വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയെ ഹോട്ടലിലേക്ക് മാറ്റാന്‍ പോലും ഒരു ടാക്‌സി സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം വിമാനത്താവളത്തിന് ചുറ്റും ഭക്തര്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ഇത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തേയും തടസ്സപ്പെടുത്തുന്നുണ്ട്. നിമിഷങ്ങള്‍ കഴിയുന്തോറും വിമാനത്താവളത്തിനു ചുറ്റും ജനക്കൂട്ടം കൂടിവരികയാണ്. നാമജപത്തോടെയുള്ള പ്രതിഷേധം അവര്‍ തുടരുകയാണ്. അതുകൊണ്ട് തന്നെ ഭക്തര്‍ക്കെതിരെ നടപടി എടുക്കാന്‍ സിഐഎസ് എഫ് മടിക്കുകയാണ്. ഈ സാഹചര്യത്തില്‍ തൃപ്തി ദേശായിയോട് മടങ്ങി പോവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേക്ക് വിടാന്‍ പോലും വിടാന്‍ കൂട്ടാക്കാതെ പ്രായമായ സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാരാണ് രംഗത്തു വന്നിരിക്കുന്നത്. എന്തുവന്നാലും തൃപ്തിദേശായിയെ ശബരിമലയില്‍ എത്താന്‍ അനുവദിക്കില്ലെന്നും വിമാനത്താവളത്തിന് പുറത്തേക്ക് പോലും വിടില്ലെന്നും പ്രതിഷേധക്കാര്‍ നിലപാട് എടുത്തതോടെ ശബരിമല കയറാന്‍ എത്തിയ തൃപ്തിയും കൂട്ടരും വിമാനത്താവളത്തില്‍ കുടുങ്ങി. അതേസമയം എന്തുവന്നാലും ശബരിമലയിലേക്ക് പോകുമെന്ന നിലപാടിലാണ് തൃപ്തിദേശായി.

ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്ത് മടക്കാനുള്ള നീക്കം. ഇതിന് സി എസ് ഐ എഫിന് അധികാരമുണ്ട്. വിമാനത്തവാള സുരക്ഷ ഉയര്‍ത്തിയാകും നടപടി. പ്രീ പെയ്ഡ്, ഓണ്‍ലൈന്‍ ടാക്‌സി ഉപയോഗിച്ച്‌ ഇവരെ പുറത്തെത്തിക്കാന്‍ പൊലീസ് നടത്തിയ ശ്രമം പരാജയമായി. രണ്ടു തവണയും ടാക്‌സികള്‍ ഇവരെ കൊണ്ടുപോകാന്‍ സമ്മതിച്ചില്ല. ബിജെപി നേതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. ശബരിമലയില്‍ പോകാനുള്ള നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് തൃപ്തി അറിയിച്ചതോടെ പൊലീസ് വാഹനത്തില്‍ കൊണ്ടുപോകാനാണ് പൊലീസ് ശ്രമിക്കുന്നത്.

എന്നാല്‍ അതും തടയുമെന്നാണ് ബിജെപി നേതാക്കളും അണികളും വ്യക്തമാക്കി. ഇതോടെ ഇതും വേണ്ടെന്ന് വച്ചു. ദീര്‍ഘ നേരം തൃപ്തിയെ വിമാനത്താവളത്തില്‍ ഇരുത്താനാകില്ലെന്നാണ് സി എസ് ഐ എഫ് നിലപാട്. ഈ സാഹചര്യത്തിലാകും നടപടി. ബിജെപി ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി നെടുമ്ബാശേരിയില്‍ ഉണ്ട്. സംഘപരിവാര്‍ നേതാക്കളും എത്തി. അതുകൊണ്ട് തന്നെ തൃപ്തി ദേശായിയ്‌ക്കെതിരായ പ്രതിരോധം അതിശക്തമാണെന്നാണ് പൊലീസിന്റേയും വിലയിരുത്തല്‍.

സാഹചര്യം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന മുന്നറിയിപ്പാണ് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിനു നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടും ഗൗരവത്തോടെ തന്നെ സര്‍ക്കാരെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തൃപ്തി ദേശായിയോട് തിരികെപ്പോകാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button