തിരുവനന്തപുരം : ശബരിമല ദർശനത്തിനായി കൊച്ചിയിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സാഹചര്യം പരിശോധിച്ച ശേഷം തീരുമാനം എടുക്കും. ശബരിമല ഡ്യൂട്ടിയിലുളള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഡിജിപി അറിയിച്ചു. കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം രാവിലെ 4 :40 നാണ് പൂനയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ തൃപ്തി ദേശായിയും സംഘവും കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കഴിഞ്ഞ നാലര മണിക്കൂറായി പുറത്തിറങ്ങാനാകാതെ വിമാനത്താവളത്തിനുള്ളിൽ കഴിയുകയാണ് തൃപ്തിയും സംഘവും.
വിമാനത്താവളത്തിന് പുറത്ത് ബിജെപി നാമജപ പ്രതിഷേധം നടത്തികൊണ്ടിരിക്കുകയാണ്. ഒരുവിധത്തിലും വിമാനത്താവളത്തിന് പുറത്തിറങ്ങാൻ തൃപ്തി ദേശായിയെ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. എന്നാൽ പോലീസ് തനിക്ക് സുരക്ഷ ഒരുക്കുമെന്നും എന്തുവന്നാലും താൻ ദർശനം നടത്തുമെന്നും തൃപ്തി ദേശായി വ്യക്തമാക്കി.
Post Your Comments