തിരുവനന്തപുരം : മണ്ഡലപൂജയ്ക്കായി ശബരിമല നടതുറക്കുന്നതു മുതല്‍ ശബരിമലയിലെ സുരക്ഷ ഇനി ഇവരുടെ കൈകളിലായിരിയ്ക്കും. ശബരിമലയില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നുള്ള ഇന്റലിജെന്‍സ് റിപ്പോര്‍ട്ടും ശബരിമലയിലും സന്നിധാനത്തും സുരക്ഷ വര്‍ധിപ്പിച്ചു.
ശബരിമലയില്‍ സുരക്ഷ ഒരുക്കാന്‍ 15,259 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. . ഡിഐജി മുതല്‍ എഡിജി.പി വരെയുളള ഉന്നത ഉദ്യോഗസ്ഥര്‍ കൂടാതെയാണിത്. നാലു ഘട്ടങ്ങളുളള ഈ സീസണില്‍ എസ്പി, എഎസ്പി തലത്തില്‍ ആകെ 55 ഉദ്യോഗസ്ഥര്‍ സുരക്ഷാചുമതലകള്‍ക്കായി ഉണ്ടാകും.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. അക്രമവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിക്ക് 1.25 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സിഎംഡി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്.
ഡിവൈഎസ്പി തലത്തില്‍ 113 പേരും ഇന്‍സ്‌പെക്ടര്‍ തലത്തില്‍ 359 പേരും എസ്‌ഐ തലത്തില്‍ 1,450 പേരും ശബരിമലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടാകും. 12,562 സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍, സിവില്‍ പൊലീസ് ഓഫിസര്‍ എന്നിവരെയും നിയോഗിച്ചു. കൂടാതെ 920 വനിതാ പൊലീസുകാരും ശബരിമലയില്‍ സുരക്ഷയ്ക്കായി എത്തും (വനിത സിഐ, എസ്‌ഐ തലത്തിലുളള 60 പേരും 860 വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ – സിവില്‍ പൊലീസ് ഓഫിസര്‍മാരും). മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയതായും സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു.
Post Your Comments