KeralaLatest News

ശബരിമലയില്‍ സംഘര്‍ഷമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് : മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ അയവ്

തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ അയവ് . ശബരിമലയിലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് സാവകാശ ഹര്‍ജി സമര്‍പ്പിക്കാന്‍ സാധ്യത തേടി ദേവസ്വം ബോര്‍ഡ്. ഇന്ന് വൈകുന്നേരം ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിന് ശേഷം പ്രസിഡന്റ് എ പത്മകുമാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മണ്ഡലപൂജയ്ക്ക് നാളെ നട തുറക്കാനിരിക്കെ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും തീരുമാനത്തില്‍ നിര്‍ണായകമാകുകയായിരുന്നു. മുന്‍പൊന്നും നേരിട്ടില്ലാത്ത പ്രതിസന്ധി നേരിടാന്‍ വലിയ സുരക്ഷായാണ് സന്നിധാനത്തും പരിസരത്തും ഒരുക്കിയിരിക്കുന്നതു. അതേ സമയം ഇപ്പോള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും സാവകാശ ഹര്‍ജിയെ അനുകൂലിക്കുന്ന സാഹചര്യമുണ്ടെങ്കിലും കോടതി ഇത് പരിഗണിക്കാന്‍ സാധ്യതയില്ല. ഇനി ഈ കേസില്‍ ഹര്‍ജികളും വാദങ്ങളും എല്ലാം കേള്‍ക്കുന്നത് 2019 ജനുവരി 22ന് ആണെന്നും അത് വരെ സെപ്റ്റംബര്‍ 28ലെ യുവതി പ്രവേശനം അനുവദിച്ചുള്ള വിധി നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിന് ശേഷം തന്ത്രി കുടുംബവും രാജകുടുംബവുമായി നടത്തിയ ചര്‍ച്ചയിലാണ് രാജകുടുംബം ഉന്നയിച്ച് ആവശ്യങ്ങളില്‍ ഒന്നായ സാവകാശ ഹര്‍ജി പരിഗണിക്കാനും ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാന്‍ ദേവസ്വം ബോര്‍ഡിന് മുഖ്യമന്ത്രി മൗനാനുവാദം നല്‍കിയിരുന്നു. രാജകുടുംബം ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചപ്പോള്‍ തന്നെ അത് സര്‍ക്കാരല്ല പരിഗണിക്കേണ്ടത് എന്നും മറിച്ച് ദേവസ്വം ബോര്‍ഡ് നേരിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡിന്റെ യോഗം ചേര്‍ന്നത്.

സുപ്രീം കോടതിയില്‍നിന്നുള്ള ചില രേഖകള്‍ ലഭിക്കാനുണ്ട്. അത് ലഭിച്ചുകഴിഞ്ഞാല്‍ നാളെ രാവിലെ യോഗം ചേര്‍ന്ന് സാവകാശ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഹര്‍ജി കൊടുക്കുന്ന കാര്യത്തില്‍ തത്വത്തില്‍ അംഗീകാരമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കും. ശബരിമലയെ കലാപത്തിന്റെ കേന്ദ്രമാക്കാന്‍ ആരും ശ്രമിക്കരുത്. കഴിഞ്ഞ തവണ നട തുറന്നപ്പോള്‍ ഉണ്ടായതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകരുത്. വിശ്വാസികളെയും അല്ലാത്തവരെയും വേര്‍തിരിച്ചറിയുക എന്നത് എളുപ്പമുള്ള കാര്യമല്ല. മണ്ഡലകാലത്ത് പ്രശ്‌നമുണ്ടാക്കാനുള്ള ശ്രമം ആരുടെയും ഭാഗത്തുനിന്നുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button