KeralaLatest News

സർക്കാരിന് പിടിവാശിയില്ല ; വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷവും ബിജെപിയും എടുത്തത് ഒരേ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിന് മുന്‍വിധി ഉണ്ടായിരുന്നില്ല. സര്‍ക്കാരിന് ദുര്‍വാശിയില്ല. വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. ശബരിമല കൂടുതല്‍ യശസ്സോടെ ഉയര്‍ന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാരിന് മുന്നില്‍ വേറെ വഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സാവകാശ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക ദിവസങ്ങളില്‍ സ്ത്രീകൾക്ക് പ്രവേശനം സാധ്യമാകുമോയെന്ന് ചര്‍ച്ച ചെയ്യും. ഇക്കാര്യം തന്ത്രിയുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയമായിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന് ആരോപിച്ച് യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. വിഷയത്തിൽ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച അലസിയത്.സര്‍വകക്ഷിയോഗം പ്രഹസനമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന് പിടിവാശിയാണ്. സാവകാശം തേടണം. ശബരിമലയിൽ പ്രശ്നം പരിഹരിക്കാനുള്ള അവസരം സർക്കാർ കളഞ്ഞു കുളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

സർക്കാർ വിശ്വാസികളെ പരിഗണിക്കുന്നില്ലെന്നും അപമാനിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള യോഗത്തിൽ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button