ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതില്‍ ഭക്തരുടെ ആദര്‍ശവും വികാരവും ബഹുമാനിക്കണമെന്ന് ആത്മീയ നേതാവ് ശ്രീ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. അയ്യപ്പ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലിംഗസമത്വം പ്രയോഗിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മതം വിശ്വാസം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാറ്റം വരുത്തുന്നത് ആത്മീയ നേതാക്കളുമായി ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കണമെന്നും ശ്രീ ശ്രീ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഒേേട്ടറെ അയ്യപ്പക്ഷേത്രങ്ങള്‍ ഉണ്ടെന്നും എന്നാല്‍ ശബരിമലയില്‍ മാത്രമേ നിയന്ത്രണം ഉള്ളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാരമ്പര്യമായി പിന്തുടരുന്ന ഒരു ആചാരമാണ് അതെന്നും ഭക്തരുടെ വികാരം നാം ബഹുമാനിക്കണമെന്നും ശ്രീ ശ്രീ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ സംസ്‌കാരം എപ്പോഴും സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കുന്നതാണെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അല്ല ലിംഗസമത്വം വേണ്ടത്. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതും ജോലിയ്ക്ക് തുല്യ അവസരം നല്‍കുന്നതും പെണ്‍കുട്ടികള്‍ക്ക് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്‍കുന്നതുമാണ് യഥാര്‍ത്ഥ സമത്വം എന്നും ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ പറഞ്ഞു.
ശബരിമലവിഷയം ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതും അവരെ ഞെട്ടിക്കുന്നതുമാണെന്നും അത് ഒഴിവാക്കേണ്ടതായിരുന്നെന്നും ശ്രീ ശ്രീ പറഞ്ഞു. സെപ്തംബര്‍ 28 ന് പുറപ്പെടുവിച്ച ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി തയ്യാറായത് സന്തോഷകരമാണെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.
ലോകത്തെമ്പാടുമുള്ള പള്ളികളില്‍ ഷൂ ഉപോയഗിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ ഇന്ത്യയിലെ ക്ഷേത്രങ്ങളിലും പള്ളികളിലും പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നതിനിടയില്‍ ജനങ്ങള്‍ അത് ഉപയോഗിക്കാറില്ല. ഇതെല്ലാം സാംസ്‌കാരികവും പരമ്പരാഗതവുമായ ചില ആചാരങ്ങളാണെന്നും യുക്തി എല്ലായ്‌പ്പോഴും എവിടെയും ഉപയോഗിക്കാന്‍ കഴിയില്ലെന്നും രവിശങ്കര്‍ ചൂണ്ടിക്കാട്ടി.
Post Your Comments