തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം അധികൃതരും തന്ത്രി കുടുംബവും അറിയിച്ചു. മണ്ഡല കാലത്ത് യുവതീ പ്രവേശനം അനുവദിക്കരുതെന്നു ആവശ്യപ്പെടുമെന്ന് പന്തളം കൊട്ടാരം അധികൃതര്‍ അറിയിച്ചു. അതേസമയം യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി. മുന്നണിയിലെ പാര്‍ട്ടികള്‍ പങ്കെടുക്കണമോ എന്നത് സംബന്ധിച്ച് എന്‍ഡിഎ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.
സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗവും തന്ത്രിയും പന്തളം രാജകുടുംബങ്ങളുമായുള്ള ചര്‍ച്ചയും നാളെയാണ് നടക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് ചര്‍ച്ച. സര്‍വകക്ഷി യോഗം ചേരുന്നതിന് മുന്നേയായിരിക്കും പന്തളം കൊട്ടാരം അധികൃതരും തന്ത്രി കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകാനിടയില്ല. യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്ന സുപ്രീം കോടതി വിധിയില്‍ പന്ത് സര്‍ക്കാറിന്റെ കോര്‍ട്ടിലാണെങ്കിലും വിധി നടപ്പാക്കാനുള്ള ബാധ്യതയില്‍ നിന്നും സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന സന്ദേശമാണ് പിണറായി വിജയന്‍ നല്‍കിയത്.
തന്ത്രി-പന്തളം കുടുംബങ്ങളുമായി സര്‍വ്വകക്ഷിയോഗത്തിന് ശേഷം ചര്‍ച്ച നടത്തും. എന്‍എസ്എസിനെ ചര്‍ച്ചക്ക് എത്തിക്കാന്‍ ശ്രമമുണ്ടായിരുന്നെങ്കിലും വിജയിച്ചില്ലെന്നാണ് സൂചന. അതേസമയം പുന:പരിശോധനാ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ച സാഹചര്യത്തില്‍ പ്രതിഷേധം കനക്കാനിടയുണ്ടെന്ന വിലയിരുത്തലും സര്‍ക്കാരിന് മുന്നിലുണ്ട്.
Post Your Comments