ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പ്. വരുന്നത് കാന്‍സറിനേക്കാളും ഭയങ്കരന്‍. വര്‍ഷങ്ങളായി ആ മുന്നറിയിപ്പ് ഗവേഷകര്‍ ലോകരാജ്യങ്ങള്‍ക്കു നല്‍കുന്നുണ്ട്. എന്നാല്‍ മിക്ക രാജ്യങ്ങളും ഈ മുന്നറിയിപ്പ് ഗൗരവമായി എടുത്തിട്ടില്ല.
ഇപ്പോള്‍ കാന്‍സറിനേക്കാളും വില്ലനായിട്ടുള്ളത് സൂപ്പര്‍ ബഗുകളാണ് . അതായത്, ഒരു മരുന്നിനും കീഴ്പ്പെടുത്താന്‍ പറ്റാത്ത തരം രോഗാണുക്കള്‍! ഇവയുടെ ഭീഷണി യാഥാര്‍ഥ്യമാണെന്നും ആരോഗ്യമേഖലയില്‍ അതിനനുസരിച്ചു മാറ്റം വരുത്തണമെന്നുമുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടും പുറത്തു വന്നു.
ഇനിയും നടപടികളൊന്നുമെടുത്തില്ലെങ്കില് ഓരോ വര്‍ഷവും അപകടത്തിലാകാന്‍ പോകുന്നത് ഒരു കോടിയിലേറെപ്പേരുടെ ജീവനാണ്. 2050 ആകുന്നതോടെ സൂപ്പര്‍ ബഗുകള്‍ കാരണം കൊല്ലപ്പെടുന്നവരുടെ എണ്ണം പ്രതിവര്‍ഷം ഒരു കോടി കടക്കുമെന്ന റിപ്പോര്‍ട്ട് നാലു വര്‍ഷം മുന്‍പു വന്നിരുന്നു. നിലവില്‍ കാന്‍സര്‍ ബാധിച്ചു മരിക്കുന്നവരേക്കാളും ഏറെ.
2014ല്‍ ഇതാദ്യമായിട്ടായിരുന്നു സൂപ്പര്‍ ബഗുകള്‍ കാരണമുള്ള മനുഷ്യനാശവും സാമ്പത്തിക നഷ്ടവും എത്രയായിരിക്കുമെന്ന രീതിയിലുള്ള കണക്കെടുപ്പ് നടക്കുന്നത്. ഭീഷണി ഗുരുതരമാണെന്നു തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ അന്നത്തെ യുകെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആണ് റിപ്പോര്‍ട്ടു തയാറാക്കാന്‍ നിര്‍ദേശിച്ചത്. സര്‍വീസസ് കമ്പനിയായ കെപിഎംജിയും ഗവേഷണ സ്ഥാപനമായ ആര്‍എഎന്‍ഡിയുമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. എന്നാല്‍ നാലു വര്‍ഷമായിട്ടും നടപടികളൊന്നുമുണ്ടായില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം പുതിയ റിപ്പോര്‍ട്ടെത്തിയത്.
അടുത്ത 30 വര്‍ഷത്തിനിടെ ബ്രിട്ടനില്‍ മാത്രം സൂപ്പര്‍ ബഗുകള്‍ കാരണം പ്രതിവര്‍ഷം 90,000 പേരെങ്കിലും മരിക്കുമെന്നാണു പഠന റിപ്പോര്‍ട്ട്. 2050ഓടെ യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ മാത്രം 24 ലക്ഷം എന്ന കണക്കില്‍ ജനങ്ങള്‍ മരിച്ചുവീഴുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദി ഓര്ഗനൈസേഷന് ഫോര്‍ ഇക്കണോമിക് കോ-ഓപറേഷന് ആന്‍ഡ് ഡെവലപ്മെന്റ് (ഒഇസിഡി) തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം സൂപ്പര്‍ ബഗുകള്‍ യൂറോപ്പില്‍ മാത്രം കൊന്നൊടുക്കുക 13 ലക്ഷം പേരെയായിരിക്കുമെന്നും പറയുന്നു.
ഇ-കോളി, മലേറിയ, ട്യൂബര്‍ക്കുലോസിസ് തുടങ്ങിയ രോഗാണുക്കളാണ് സൂപ്പര്‍ ബഗുകളില്‍ ഏറ്റവും ഭീഷണി. മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി ഏറ്റവുമധികം ലഭിക്കുക ഇവയ്ക്കായിരിക്കുമെന്നാണു സൂചന. അങ്ങനെയെങ്കില്‍ കാത്തിരിക്കുന്നതു വന്‍ ദുരന്തവുമാണ്. പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നതിനുള്ള ശ്രമങ്ങളും ഗവേഷകര്‍ ആരംഭിച്ചു കഴിഞ്ഞു
Post Your Comments