തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്ക് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാനാവുമെന്ന് കേരള ഹൈക്കോടതിയാണ് ആദ്യം പറഞ്ഞത്. 27 വര്‍ഷങ്ങള്‍ക്കു ശേഷവും ഇതേ വിഷയം കോടതി കയറുമ്പോള്‍ ഹൈക്കോടതി അന്നു പറഞ്ഞത് സത്യമായി തീരുന്നു.. 1991 ഏപ്രില്‍ അഞ്ചിനാണ് ഹര്‍ജിയില്‍ ജസ്റ്റിസ് കെ. പരിപൂര്‍ണന്‍, ജസ്റ്റിസ് കെ.ബി. മാരാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് സ്ത്രീ പ്രവേശനം അനുവദിക്കാനാവുമോ എന്ന് പരിശോധിച്ചത്.
ആ കേസിന്റെ വിശദാംശങ്ങൾ ഇങ്ങനെ, ചങ്ങനാശേരി പെരുന്ന കെ.പി.എസ് ഭവനില്‍ എസ്. മഹേന്ദ്രന്‍ എഴുതിയ കത്താണ് ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരായ ഹര്‍ജിയായി മാറിയത്. ജസ്റ്റിസ് കെ. പരിപൂര്‍ണന് എഴുതിയ കത്തില്‍ ആചാരങ്ങളും വിശ്വാസങ്ങളും ലംഘിച്ച് സ്ത്രീകള്‍ മല ചവിട്ടുന്നതിനെക്കുറിച്ച് പരാതി പറയുന്നുണ്ട്. മുന്‍ ദേവസ്വം കമ്മിഷണര്‍ ജെ. ചന്ദ്രികയുടെ ചെറുമകള്‍ക്ക് ശബരിമലയില്‍ ചോറൂണ് നല്‍കിയതും വി.ഐ.പികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതും കത്തില്‍ പരാമര്‍ശിച്ചിരുന്നു.
ചോറൂണിന്റെ ചിത്രം അച്ചടിച്ചുവന്ന പത്രവാര്‍ത്തയും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിരുന്നു. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും പുറമേ കേരള ക്ഷേത്ര സംരക്ഷണ സമിതി, ഇന്ത്യന്‍ ഫെഡറേഷന്‍ ഒഫ് വിമെന്‍ ലായേഴ്‌സിന്റെ കേരള ഘടകം തുടങ്ങിയവരും കേസില്‍ കക്ഷി ചേരാനെത്തിയിരുന്നു. കേസിൽ പരാമർശിച്ച ചന്ദ്രികയുടെ വാദം ഇങ്ങനെയായിരുന്നു, 1984 ജൂലായ് 13 ന് ചന്ദ്രികയുടെ മകളുടെ വിവാഹം കഴിഞ്ഞിട്ടും ദീര്‍ഘനാളുകളായി കുട്ടികളുണ്ടായില്ല. പേരക്കുട്ടി ജനിച്ചാല്‍ ശബരിമലയില്‍ ചോറൂണ് നല്‍കാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. കുട്ടി ജനിച്ചതോടെ ഒരു ചിങ്ങമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ ചോറൂണ് നേര്‍ച്ച നടത്തിയെന്നും ചന്ദ്രിക നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
മണ്ഡല മകരവിളക്ക് സീസണിലും വിഷുപൂജയ്ക്കും മാത്രമാണ് യുവതീ പ്രവേശനം തടഞ്ഞിട്ടുള്ളത്. മാസപൂജയ്ക്ക് നട തുറക്കുമ്പോള്‍ സ്ത്രീകള്‍ ദര്‍ശനത്തിനെത്താറുണ്ടെന്നും ഇത് ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മാസപൂജയ്ക്ക് സ്ത്രീകള്‍ ദര്‍ശനത്തിനെത്തുന്നുണ്ടെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡും അന്ന് സ്വീകരിച്ചത്. എന്നാൽ ഹൈക്കോടതി അന്ന് ഇതിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
പത്തിനും 50 നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ മല ചവിട്ടാനോ ശബരിമലയില്‍ ദര്‍ശനം നടത്താനോ പാടില്ല. ദേവസ്വം ബോര്‍ഡ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമല്ല. ഈ നിയന്ത്രണം 1965 ലെ ഹിന്ദു പബ്‌ളിക് പ്‌ളേസസ് ഒഫ് വര്‍ഷിപ്പ് ആക്ടിലെ വ്യവസ്ഥകള്‍ക്കും എതിരല്ല. പത്തിനും 50 നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ മല ചവിട്ടുന്നതും ദര്‍ശനം നടത്തുന്നതും ദേവസ്വം ബോര്‍ഡ് അനുവദിക്കരുത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനാവശ്യമായ സഹായങ്ങളും നടപടികളും സ്വീകരിക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം.
Post Your Comments