കിളിമാനൂര്‍: സോറി, ഞാന്‍ പോകുന്നു. എന്റെ മകനെ കൂടി ചേട്ടന് നോക്കിക്കോണമെന്ന് ഡിവൈഎസ്പി ബി ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ്. നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കേസില്‍ പ്രതിയായ ഡിവൈഎസ്പി ബി ഹരികുമാര്‍ സഹോദരന് എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഹരികുമാര്‍ ധരിച്ചിരുന്ന പാന്റ്സിന്റെ പോക്കറ്റില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. സനല്‍കുമാറിന്റെ മരണത്തിലുള്ള മാനസിക സമ്മര്‍ദവും കേസില്‍ പ്രതിയായതിലെ അപമാനവും താങ്ങാനാകാതെയാണ് ഹരികുമാര്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കിയതോടെ മാനസിക സമ്മര്‍ദത്തിലായ അദ്ദേഹം ജീവനൊടുക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
ചൊവ്വാഴ്ച രാവിലെ 9.30ന് ഡിവൈഎസ് പിയുടെ കല്ലമ്പലം വെയിലൂരിലുള്ള ദേവനന്ദനം വീട്ടിലെ രണ്ട് നായ്ക്കള്‍ക്ക് ആഹാരം നല്‍കാനായെത്തിയ ഹരികുമാറിന്റെ ഭാര്യാ മാതാവ് ലളിതാഭായിമ്മയാണ് പട്ടിക്കൂടിന് സമീപമുള്ള തേങ്ങ കൂട്ടിയിട്ടിരുന്ന മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഹരികുമാറിന്റെ മൃതദേഹം കാണുന്നത്. ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ജാമ്യം കിട്ടാന്‍ സാധ്യയില്ലെന്ന് വിവരം കിട്ടിയതോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന.
Post Your Comments