
തൃശ്ശൂര്‍: പുറത്തിറങ്ങി ഏറെ കഴിയും മുന്‍പേ വിവാദങ്ങള്‍ക്ക് തിരി തെളിയിച്ച സര്‍ക്കാര്‍ സിനിമയിലെ നായകന്‍ ഇളയ ദളപതി വിജയിക്കെതിരെ കേസെടുത്ത് തൃശ്ശൂര്‍ ആരോഗ്യവകുപ്പ് അധികൃതര്‍. സിനിമയുടെ പോസ്റ്ററുകളില്‍ സിഗരറ്റ് വലിച്ച് നില്‍ക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നാണ് വിജയിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാകോ പ്രൊഡക്ട് ആക്ട് പ്രകാരമാണ് കേസ്.
സര്‍ക്കാര്‍ സിനിമ വിതരണം ചെയ്യ്ത കമ്പനിയായ കോട്ടയം സായുജ്യം സിനി റിലീസ് രണ്ടാം പ്രതിയാണ്. നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് മൂന്നാം പ്രതിയും തൃശൂരില്‍ ചിത്രം പ്രദര്‍ശിപ്പിച്ച രാംദാസ് തിയേറ്റര്‍ ഉടമ നാലാം പ്രതിയുമാണ്. ഇത്തരം പോസ്റ്ററുകള്‍ തിയേറ്റര്‍ വളപ്പിനുള്ളില്‍ പ്രദര്‍ശിപ്പിച്ചതിനാണ് ഉടമയെ പ്രതിയാക്കിയത്.
2011-ല്‍ ഉണ്ടാക്കിയ സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാകോ പ്രൊഡക്ട് ആക്ട് പ്രകാരം സിനിമകളുടെ പോസ്റ്ററുകളില്‍ പുകവലിക്കുന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. രണ്ടുവര്‍ഷംവരെ തടവും ആയിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
രാംദാസ് തിയേറ്ററില്‍നിന്നും പുകവലിക്കുന്ന വിജയിയുടെ ചിത്രം പതിപ്പിച്ച നാല് ഫ്‌ളക്‌സ് ബോര്‍ഡുകളും ഒരു ഫ്‌ളക്‌സ് ബാനറുമാണ് അധികൃതര്‍ പിടിച്ചെടുത്തത്. പോസ്റ്ററുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വമേധയാ കേസ് എടുക്കുകയായിരുന്നു എന്ന് ഡി.എം.ഒ. കെ.ജെ. റീന പറഞ്ഞു. ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി.കെ. രാജു, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ എം.കെ. സുബ്രഹ്മണ്യന്‍, കെ. വിജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ റജി തോമസ്, ടി.വി. വര്‍ഗീസ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
തുടര്‍ന്ന് സര്‍ക്കാര്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു തിയേറ്ററിലും ഡി.എം.ഒ.യുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കായി എത്തിയെങ്കിലും അവിടെ നിന്ന് ഫ്‌ളക്‌സുകള്‍ മാറ്റിയിരുന്നു. ജില്ലയില്‍ മറ്റെവിടെയെങ്കിലും ഇത്തരത്തില്‍ പോസ്റ്ററുകള്‍ പതിപ്പിക്കുന്ന തീയേറ്ററുകളുടെ ഉടമകള്‍ക്ക് എതിരെയും കേസ് എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments