ആഗ്ര: ആഗ്രയിലെ മൊഹല്ലാ കച്ചേരയില്‍ അമ്മയുടെ മടിയില്‍ നിന്ന് പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്‍ തട്ടിയെടുത്തു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം തൊട്ടടുത്ത വീടിന്റെ ടെറസ്സില്‍ കണ്ടെത്തി. സണ്ണി എന്ന ആണ്‍കുഞ്ഞിന് അമ്മ വീടിന്റെ വരാന്തയിലിരുന്ന് മുലയൂട്ടുകയായിരുന്നു. പെട്ടെന്ന് വന്നെത്തിയ കുരങ്ങന്‍ കുഞ്ഞിനെയും തട്ടിയെടുത്ത് ഓടി. വീട്ടുകാര്‍ കുരങ്ങനെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തൊട്ടടുത്ത വീടിന്റെ ടെറസ്സില്‍ രക്തത്തില്‍ കുളിച്ച അവസ്ഥയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് വിശ്വാസം വരാതിരുന്ന വീട്ടുകാര്‍ മറ്റൊരു ആശുപത്രിയില്‍ വീണ്ടും കുഞ്ഞിനെ കൊണ്ടുപോയെങ്കിലും അവരും കുഞ്ഞ് മരിച്ചതായി സാക്ഷ്യപ്പെടുത്തി.
കുരങ്ങന്‍മാര്‍ ആളുകളെ ഉപദ്രവിക്കുന്നതും വീടുകളില്‍ കയറി വസ്തുക്കള്‍ എടുത്തുകൊണ്ടു പോകുന്നതും പതിവ് സംഭവങ്ങളാണെന്നും വീടിന്റെ വരാന്തയില്‍ ഇരിക്കാനോ ടെറസ്സില്‍ പോകാനോ തങ്ങള്‍ക്ക് സാധിക്കാറില്ല എന്നും പ്രദേശവാസി വെളിപ്പെടുത്തി. പ്രദേശത്ത് കുരങ്ങന്മാരുടെ ആക്രമണം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്ത്രീകളെയും കുട്ടികളെയുമാണ് കുരങ്ങന്മാര്‍ കൂടുതലും ആക്രമിക്കുന്നത്.
കൂടാതെ ഉത്തര്‍പ്രദേശില്‍ പലയിടങ്ങളിലും നേരത്തെ കുരങ്ങന്മാരുടെ ആക്രമണങ്ങളെ കുറിച്ച് പരാതി ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പലരും നേരിട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഹനുമാന്‍ സ്വാമിയെ ആരാധിക്കുകയും ഹനുമാന്‍ ചലിസ (ഹനുമാന്‍ സ്തുതി) ദിനവും ചൊല്ലുകയും ചെയ്താല്‍ കുരങ്ങന്‍ ഒരിക്കലും കടിക്കുകയോ ആക്രമിക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. കുരങ്ങന്റെ ശല്യം ഏറെയുള്ള മധുരയിലെ ജനങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Post Your Comments