Latest NewsKerala

രോഗി മരിച്ചിട്ടും ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് ഫീസ് 30,000 രൂപയും 50,000 രൂപയുടെ മറ്റൊരു ബില്ലും നല്‍കിയ പ്രമുഖ സ്വകാര്യ ആശുപത്രിയ്ക്ക് വന്‍ പിഴ

കൊല്ലം: സംസ്ഥാനത്തെ പേരുകേട്ട സ്വകാര്യ ആശുപത്രിയ്ക്ക് പിഴ. ചികിത്സയ്ക്കിടെ മരിച്ച രോഗിയുടെ ബന്ധുക്കളില്‍ നിന്ന് അമിത ബില്ല് ഈടാക്കിയതിനാണ് സ്വകാര്യ ആശുപത്രിക്ക് പിഴ ലഭിച്ചത്. 30 ദിവസത്തിനകം ഈടാക്കിയ അമിത തുക ബന്ധുക്കള്‍ക്ക് തിരിച്ചുനല്‍കണം. അല്ലാത്തപക്ഷം 25000 രൂപ പിഴ ഒടുക്കണമെന്നും ഉപഭോക്തൃ പരാതി പരിഹാര ഫോറം ഉത്തരവിട്ടു.

വിവിധ ദേവസ്വം ബോര്‍ഡ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍ ആയി സേവനമനുഷ്ഠിച്ചിരുന്ന കെ രാമചന്ദ്രന്‍ നായരാണ് 2012ല്‍ ചികിത്സയ്ക്കിടെ മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനായ രാമചന്ദ്രന്‍ നായര്‍ കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. തുടര്‍ന്ന് 12,891 രൂപയുടെ പ്രിന്റഡ് ബില്ലും, കൈപ്പടയില്‍ എഴുതിയ 58000 രൂപയുടെ ബില്ലും ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈമാറി. ബില്ല് തുക കെട്ടിവെച്ച ശേഷം മാത്രമേ മൃതദേഹം വിട്ടുനല്‍കുകയുളളുവെന്ന് ആശുപത്രി വൃത്തങ്ങള്‍ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ ബില്ലനുസരിച്ചുളള തുക ആശുപത്രിക്ക് കൈമാറി.

ദിവസങ്ങള്‍ക്ക് ശേഷം രാമചന്ദ്രന്‍ നായരുടെ മകനും വക്കീലുമായ നന്ദകുമാര്‍ ബില്ലിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ആശുപത്രിയെ സമീപിച്ചു. 30000 രൂപ ഡോക്ടറുടെ ഫീസാണെന്നും ശേഷിക്കുന്ന ബില്ല് തുക മരുന്നുകള്‍ക്ക് ചെലവായതാണെന്നും ആശുപത്രി അറിയിച്ചു. എന്നാല്‍ ആശുപത്രിയുടെ അവകാശവാദം തെറ്റാണെന്ന് രാമചന്ദ്രന്‍ നായരുടെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ നന്ദകുമാറിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് നന്ദകുമാര്‍ ഉപഭോക്തൃ പരാതി പരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു.

രാമചന്ദ്രന്‍ നായരുടെ ബന്ധുക്കളില്‍ നിന്ന് അമിത തുക ഈടാക്കിയതായി കണ്ടെത്തിയ ഉപഭോക്തൃ പരാതി പരിഹാര ഫോറം ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. 30 ദിവസത്തിനകം ഈടാക്കിയ അമിത തുക ബന്ധുക്കള്‍ക്ക് തിരിച്ചുനല്‍കണം. അല്ലാത്തപക്ഷം 25000 രൂപ പിഴ ഒടുക്കണമെന്നും ഉപഭോക്തൃ പരാതി പരിഹാര ഫോറം ഉത്തരവിട്ടു. ഇതിന് പുറമേ നഷ്ടപരിഹാരമായി 50000 രൂപയും കോടതി ചെലവിനത്തില്‍ 5000 രൂപയും കെട്ടിവെയ്ക്കാന്‍ ഫോറം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button