ചങ്ങനാശേരി: ശബരിമലയില്‍ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തില്ലെങ്കിലും തുറന്ന കോടതിയില്‍ കേള്‍ക്കാമെന്നുളള റിപ്പോര്‍ട്ടിന് ശേഷം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വിഷയത്തില്‍ പ്രതികരിച്ചു. നാട്ടില്‍ സമാധാന അന്തരീക്ഷം പുലരുന്നതിനായി സര്‍ക്കാരുംദേവസ്വം ബോര്‍ഡും ആചാരങ്ങള്‍ക്ക് വിളളലുണ്ടാകാത്ത വിധം ബുദ്ധിപൂര്‍വ്വമായ തീരുമാനം എടുക്കും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് സുകുമാരന്‍ നായര്‍ അറിയിച്ചു.
വിധി പുറത്ത് വന്ന ശേഷം അദ്ദേഹം മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാക്കുന്ന വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജികളെല്ലാം ഈ വരുന്ന ജനുവരി 22 ന് കോടതി തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. ഇക്കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികളും അന്നേ ദിവസം പരിഗണിക്കും. വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാല്‍ നിലവിലെ ചീഫ് ജസ്‌റ്റിസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ചേംബറില്‍ ഹര്‍ജി പരിശോധിച്ചത്.
അനുകൂല വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ ജസ്‌റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, വിയോജന വിധിയെഴുതിയ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര എന്നിവരും ബെഞ്ചില്‍ അംഗമായിരുന്നു.
Post Your Comments