തിരുവനന്തപുരം: ശബരിമല തീര്‍ഥാടന സീസണ്‍ തുടങ്ങാന്‍ മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കേ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വൈകിട്ട് നാല് മണിക്ക് ചേരുന്ന യോഗത്തില്‍ ദേവസ്വം മന്ത്രിയും, ചീഫ് സെക്രട്ടറിയും, ഡിജിപിയും, വിവിധ വകുപ്പ് മേധാവികളും പങ്കെടുക്കും. മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായാണ് മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
അതേസമയം ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയെ ഉള്‍പ്പെടുത്തി പുനഃഘടിപ്പിച്ച പുതിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഹര്‍ജി പരിഗണിക്കുന്ന ചേംബറില്‍ അഭിഭാഷകര്‍ക്കും ഹര്‍ജിക്കാര്‍ക്കും പ്രവേശനമില്ല. തുറന്ന കോടതിയില്‍ വാദം കേള്‍ക്കില്ല എന്നതാണ് മറ്റൊരു വസ്തുത.
ഉച്ചയ്ക്ക് മൂന്നുമണിക്ക് ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുക. ശബരിമല യുവതി പ്രവേശനം അനുവദിച്ച സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ 48 പുനഃപരിശോധന ഹര്‍ജികളാണ് സുപ്രിംകോടതി മുന്‍പാകെയുളളത്. ശബരിമല ഭക്തന്മാരുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുളള മൂന്ന് റിട്ട് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസും ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരും അടങ്ങിയ ബെഞ്ച് രാവിലെ പരിഗണിക്കും.
Post Your Comments