തിരുവനന്തപുരം: ശബരിമലയിലേക്ക് യുവതികളെ എത്തിക്കാന്‍ പോലീസ് ഹെലികോപ്ടര്‍ വഴി തേടുമെന്ന് റിപ്പോര്‍ട്ട്. ശബരിമലയില്‍ പോകാനായി ഓണ്‍ലൈനില്‍ ഇതുവരെ ബുക്ക് ചെയ്ത 560 യുവതികള്‍ക്കാണ് ഹെലികോപ്ടര്‍ സൗകര്യമൊരുക്കാന്‍ പൊലീസ് നീക്കം നടത്തുന്നത്. കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ശബരിമലയിലേക്ക് കാല്‍നടയായി പോകേണ്ട പാതകളിലെ പ്രതിഷേധക്കാരുടെ അക്രമങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് പോലീസിന്റെ പുതിയ നീക്കം. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ എത്തുന്ന യുവതികളെ അവിടെ നിന്നും ഹെലികോപ്ടര്‍ വഴി സന്നിധാനത്ത് എത്തിക്കാനാണ് ശ്രമം.
10 നും 50 നും ഇടയില്‍ പ്രായമുള്ള യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ഭക്തരുടെ പ്രതിഷേധം കണക്കിലെടുത്ത് തങ്ങളുടെ ജോലിയില്‍ നിന്നും മാറി നില്ക്കാന്‍ പോലീസിന് കഴിയില്ല. അതിനാല്‍ ഏത് വിധേയനെയും ഈ യുവതികളെ ശബരിമലയില്‍ ഇവര്‍ക്ക് ദര്‍ശനം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയെ പറ്റൂ എന്നതാണ് പോലീസിനുള്ള വെല്ലുവിളി. അല്ലാത്ത പക്ഷം ഹൈക്കോടതിയുടേത് അടക്കം വിമര്‍ശനങ്ങള്‍ പോലീസിന് ഏറ്റുവാങ്ങേണ്ടി വരുന്നതായിരിക്കും.
ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ വനംവകുപ്പിന്റെ അനുമതി ആവശ്യമുണ്ട്. അതിനൊപ്പം പ്രളയത്തില്‍ തകര്‍ന്നിരിക്കുന്നു പമ്പയും നിലക്കലും കടന്ന് ഹെലികോപ്ടറിന് ലാന്റ് ചെയ്യാനുള്ള സൗകര്യവും ഒരുക്കണം എന്നുള്ളതും പോലീസിന് വലിയ വെല്ലുവിളിയാണ്. ഹെലികോപ്ടര്‍ ഇറങ്ങുന്ന സ്ഥലം മുതല്‍ സന്നിധാനം വരെയും തിരിച്ചും യുവതികള്‍ക്ക് പൊലീസ് കനത്ത സുരക്ഷയൊരുക്കും.
നേരത്തെ ശബരിമലയില്‍ യുവതീ പ്രവേശനത്തിന് ശ്രമിച്ചപ്പോഴെല്ലാം പൊലീസിന് പിന്‍മാറേണ്ടി വന്നിരുന്നു. ഇത് ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിഷേധക്കാരോടുള്ള സമീപനം മാറ്റാനും പൊലീസ് ആലോചിക്കുന്നു. 560 യുവതികളും അവര്‍ക്ക് പുറമെ ഇതുവരെ 3.20 ലക്ഷംപുരുഷന്‍മാരാണ് ഇതുവരെ ഓണ്‍ലൈനായി ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്. അതെസമയം നവംബര്‍ 13നാണ് സുപ്രീംകോടതി ശബരിമല യുവതീ പ്രവേശനവിധി പുനപരിശോധനാ ഹര്‍ജിയും റിട്ട് ഹര്‍ജികളും പരിശോധിക്കുന്നത്.
Post Your Comments