കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഒപ്പുവച്ചു. താന്‍ പ്രധാനമന്ത്രി പദത്തിലേക്കു നിര്‍ദേശിച്ച മഹീന്ദ രാജപക്സെയ്ക്കു പിന്തുണ തെളിയിക്കാന്‍ ആവശ്യമായ അംഗങ്ങള്‍ ഒപ്പമില്ലെന്നു വെള്ളിയാഴ്ച പാര്‍ട്ടി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടത്. റെനില്‍ വിക്രമസിംഗെ സര്‍ക്കാരിനു രണ്ടു വര്‍ഷം കാലാവധി ബാക്കിനില്‍ക്കെയാണ് സിരിസേന രാജപക്സെയെ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിച്ചത്.
എന്നാൽ ഭൂരിപക്ഷം തെളിയിക്കുന്നതിനാവശ്യമായതില്നിന്ന് എട്ട് അംഗങ്ങളുടെ കുറവുണ്ടെന്നാണ് യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് അറിയിച്ചത്. 225 അംഗ പാര്‍ലമെന്റ് പിരിച്ചുവിട്ടുള്ള ഉത്തരവ് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പിനു കളമൊരുങ്ങി.പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജനുവരിയില്‍ നടക്കാനാണു സാധ്യതയെന്ന് പേരു വെളിപ്പെടുത്താതെ ഒരു മന്ത്രി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. നാടകീയമായ രാഷ്ട്രീയ നീക്കങ്ങളായിരുന്നു ശ്രീലങ്കയിൽ നടന്നത്.
Post Your Comments