പത്തനാപുരം: സ്കൂളിലെ ശതാബ്ദി ആഘോഷങ്ങള്‍ക്കിടെ ഹെഡ്മാസ്റ്റര്‍ക്ക് നേരെ ഗണേഷ് കുമാര്‍ എംഎല്‍എയുടെ കയ്യേറ്റശ്രമം. കൊല്ലം ജില്ലയിലെ മാലൂര്‍ ഗവണ്മെന്റ് യു പി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവമുണ്ടായത്. ഉദ്ഘാടന പ്രസംഗത്തിനിടെ ഹെഡ്മാസ്റ്റര് സി വിജയകുമാറിനെതിരെ എംഎല്‍എ നടത്തിയ ആരോപണങ്ങളായിരുന്നു പ്രകോപനത്തിന് കാരണം. അതേസമയം ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായി മന്ത്രി കെ രാജുവിനെ ക്ഷണിച്ചതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചതെന്നാണ് ഹെഡ്മാസ്റ്റര് വിശദമാക്കുന്നത്.
ഉദ്ഘാടകനാക്കാത്തതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നുവെന്ന് ഹെഡ്മാസ്റ്റര് പിന്നീട് പ്രതികരിച്ചു. എംഎല്‍എയുടെ പ്രസംഗശേഷം സ്കൂള്‍ വികസനവുമായി ബന്ധപ്പെട്ട നിവേദനം നല്കാന് ഹെഡ്മാസ്റ്ററേയും പിടിഎ പ്രസിഡന്റിനേയും പഞ്ചായത്ത് പ്രസിഡന്റിനേയും ക്ഷണിച്ചതോടെ എംഎല്‍എ പ്രകോപിതനാവുകയായിരുന്നു. സ്കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യുവജന സമ്മേളനത്തിനിടെയാണ് ഹെഡ്മാസ്റ്ററും എംഎല്‍എയും തമ്മില്‍ വാക്കേറ്റം നടന്നത്.
വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തിയതോടെ വേദിയില്‍ ഉണ്ടായിരുന്നവര്‍ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. ഹെഡ്മാസ്റ്റര് തനിക്ക് നിവേദനം തരേണ്ടതില്ലെന്ന് എംഎല്‍എ നിലപാട് എടുത്തതോടെ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായിയെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെയാണ് കയ്യാങ്കളിയുമായി എംഎല്‍എ എത്തിയത്. തനിക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന ഹെഡ്മാസ്റ്ററുടെ ആവശ്യം കേള്‍ക്കാള്‍ പോലും കൂട്ടാക്കാതെയാണ് എംഎല്‍എ വേദി വിട്ടത്.
Post Your Comments