തിരുവനന്തപുരം : റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ സമരംചെയ്യാനൊരുങ്ങി മരിച്ച സനല്‍ കുമാറിന്റെ ഭാര്യയും മക്കളും. നെയ്യാറ്റിന്‍കരയില്‍ സനല്‍ കൊല്ലപ്പെട്ട സ്ഥലത്തുതന്നെ സമരം ചെയ്യുമെന്നും അല്ലാതെ മറ്റൊരു വഴിയും ഞങ്ങളുടെ മുമ്പിലില്ലെന്നനും സനലിന്റെ ഭാര്യ പറഞ്ഞു.
സനലിന്റെ കൊലപാതകത്തിനു പിന്നിലുള്ളവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം ചെയ്യുമെന്ന് സനലിന്റെ സഹോദരിയും വ്യക്തമാക്കിയിരുന്നു. കുടുംബാംഗങ്ങളെല്ലാം തന്നെ അടുത്ത ദിവസങ്ങളില്‍ തന്നെ സെക്രട്ടറിയേറ്റിനു മുമ്പിലെത്തി സമരം ചെയ്യുമെന്നും സനലിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞാല്‍ അമ്മയുള്‍പ്പെടെ സമരരംഗത്തേക്ക് വരുമെന്നും സഹോദരി പറഞ്ഞു.
സനല്‍ വാഹനമിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ വിജി നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പ്രതിയായ ഡിവൈഎസ്പിക്ക് രക്ഷപ്പെടാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ അവസരമൊരുക്കിയെന്ന് വിജി പറഞ്ഞു. ഡിവൈഎസ്പി ഹരികുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും വിജി ആവശ്യപ്പെട്ടു.
നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ അഞ്ചിന് രാത്രിയാണ് സംഭവം. കാവുവിള സ്വദേശി സനല്‍കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്.സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഹരികുമാര്‍ സനലിനെ കാറിന് മുന്നിലേക്ക് പിടിച്ച് തള്ളി.
എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.സനലിനെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എന്നാല്‍ ഹരികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു.
Post Your Comments