കോട്ടയം: ക്ഷീരകര്‍ഷകര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന ക്ഷീരവികസന വകുപ്പ്. ഈ മാസം 26നാണ് പദ്ധതി നിലവില്‍ വരുന്നത്. ഇതിലൂടെ ഒരു ലക്ഷം ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടും. പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളില്‍ 2017 ഒക്ടോബര്‍ ഒന്നുമുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ കുറഞ്ഞത് 90 ദിവസം പാല് നല്‍കിയവര്‍ക്ക് ഇന്‍ഷുറന്‍സിന് അപേക്ഷിക്കാം. കൂടാതെ അതേ കാലയളവില്‍ 250 ലിറ്റര്‍ പാല് നല്കിയവര്ക്കും അപേക്ഷിക്കാം.
ക്ഷീരകര്ഷകന്, ജീവിതപങ്കാളി, 25 വയസ് വരെ പ്രായമായ അവിവാഹിതരായ രണ്ട് കുട്ടികള്‍, ക്ഷീരസംഘം ജീവനക്കാര്‍ എന്നിവര്‍ക്കായാണ് പദ്ധതി. കൂടാതെ കറവമാടുകളെയും ഇന്‍ഷുര്‍ ചെയ്യാം. എന്നാല്‍ നിലവില്‍ ഇന്‍ഷുറന്‍സുള്ള കറവുമാടുകളെ വീണ്ടും ഇന്‍ഷുര്‍ ചെയ്യേണ്ടതില്ല. ഒരു വര്‍ഷം കാലാവധിയുള്ള ഈ പദ്ധതിയില്‍ 80 വയസ്സു വരെയുള്ളവര്‍ക്ക് അംഗങ്ങളാകാം. 5015 രൂപയാണ് ഒറ്റത്തവണ പ്രീമിയം. ഈ ഇന്‍ഷുറന്‍സ് പരിരക്ഷയിലൂടെ കര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരു ലക്ഷം രൂപവരെ ചികിത്സാസഹായം ലഭിക്കും.
അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ നല്കുന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതിയും ഉണ്ട്. അപകടത്തില്‍ മരണം, സ്ഥിരമായ അംഗവൈകല്യം ഉണ്ടായാല്‍ 25 വയസ് വരെയുള്ള മക്കള്‍ക്ക് പഠനസഹായം ലഭിക്കും. അതേസമയം 18 മുതല്‍ 50 വരെ പ്രായമുള്ള കര്‍ഷകര്‍ക്ക് 18 മാസത്തിനിടെ സ്വാഭാവിക മരണം സംഭവിച്ചാല്‍ രണ്ടു ലക്ഷവും അപകടമരണത്തിന് നാല് ലക്ഷം രൂപയും ലഭിക്കുന്ന പദ്ധതിയുമുണ്ട്.
അര്‍ഹതയുള്ള ക്ഷീര കര്‍ഷകര്‍ക്ക് പത്താം തീയതിക്ക് മുമ്പായി ബ്ലോക്കുതല ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കാം.
Post Your Comments