കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ സൈബര്‍ ടവര്‍ -2 നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ പണിപൂര്‍ത്തിയായ ലുലു സൈബര്‍-2 നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് രാജ്യത്തിന് സമര്‍പ്പിക്കുന്നത്. കേന്ദ്ര സഹമന്ത്രി എസ്.എസ് അലുവാലിയ അദ്ധ്യക്ഷത വഹിക്കും.
11,000 ലധികം ഐ.ടി പ്രൊഫഷണലുകള്‍ക്കാണ് ഇതുവഴി തൊഴിലവസരം ലഭിക്കുന്നത്. 20 നിലകളുള്ള കെട്ടിടത്തില്‍ 8 നിലകളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ പണികഴിപ്പിച്ച കെട്ടിടത്തിലെ ഓരോ നിലകളിലുമായി 1200 ല്‍ അധികം പേര്‍ക്ക് ജോലിചെയ്യാന്‍ സാധിക്കും.
ആഗോള കമ്പനികള്‍ക്ക് പരസ്പരധാരണയോടെ ജോലിചെയ്യാന്‍ കഴിയുന്ന ബിസിനസ് സൗഹൃദ അന്തരീക്ഷമാണ് സൈബര്‍ ടവറിനുള്ളത്. 900 സീറ്റുകളുള്ള ഫുഡ്‌കോര്‍ട്ട്, ബാങ്ക് ശാഖകള്‍, ഹെല്‍ത്ത് ക്ലബ്, യോഗ-മെഡിറ്റേഷന്‍ സെന്റര്‍, ഹാളുകള്‍ എന്നിവയെല്ലാം ലുലു സൈബര്‍ ടവര്‍-2 ല്‍ സജ്ജമാണ്. അകത്തും പുറത്തുമായി 400 സിസിടിവി ക്യാമറകള്‍ സൈബര്‍ ടവറിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുണ്ട്.
നിര്‍മ്മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് പോലുള്ള മേഖലകളിലേക്ക് ഐ.ടി വ്യവസായം പുരോഗമിക്കുകയാണ്. കഴിവും അധ്വാന ശേഷിയുമുള്ള ഒട്ടനവധി ചെറുപ്പക്കാരുള്ള കേരളത്തില്‍ അവര്‍ക്കായി തൊഴിലവസരം സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ ശ്രമം മാത്രം പോരാ ഇത്തരം ചില പദ്ധതികള്‍കൂടി വരേണ്ടതുണ്ട്. എല്ലാവരും മനസ്സുവെച്ചല്‍ കേരളത്തെ വലിയൊരു ഔട്ട് സോഴ്‌സിങ് ഹബ്ബായി മാറ്റാന്‍ സാധിക്കുമെന്നും എം.എ യൂസഫലി അഭിപ്രായപ്പെട്ടു.
Post Your Comments