ഹൈദരാബാദ്: യാചക സ്ത്രീയുടെ പക്കൽ നിന്ന് കണ്ടെടുത്തത് 2 ലക്ഷം രൂപ. ഹൈദരാബാദിൽ ഭിക്ഷയെടുത്തു നടന്ന ബിജ്‌ലി പെന്റമ്മ എന്ന 70 വയസ്സായ സ്ത്രീയുടെ പക്കൽ നിന്നാണ് രണ്ടു ലക്ഷത്തിലധികം രൂപ കണ്ടെടുത്തത്. ഹൈദരാബാദിനെ യാചകരഹിത നഗരമാക്കുന്ന പദ്ധതിപ്രകാരം നഗരത്തിലെ യാചകരെ ചെർലാപ്പള്ളി ജയിലിനു കീഴിലുള്ള ആനന്ദാശ്രമത്തിലാണ് പുനരധിവസിപ്പിച്ചിരുന്നത്. ആശ്രമത്തിലെത്തിച്ച പെന്റമ്മയുടെ ബാഗിൽ നിന്ന് 2,34,320 രൂപയാണ് അധികൃതർ കണ്ടെത്തിയത്. കൂടാതെ രണ്ടു വെള്ളിവളകളും ഒരു ചെയിനും അവർ അണിഞ്ഞിരുന്നതായും പോലീസ് പറയുന്നു.
യാചിച്ചു കിട്ടിയ സമ്പാദ്യമാണ് അതെന്നാണ് ആദ്യം അധികൃതർ കരുതിയത്. എന്നാൽ താൻ അത്യാവശ്യം നല്ല സാമ്പത്തികാവസ്ഥയുള്ള വീട്ടിലെ ആളാണെന്നും സ്വന്തമായി സ്ഥലമുണ്ടെന്നും പെന്റമ്മ പിന്നീട് വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് ജയിൽ സൂപ്രണ്ട് ഭാസ്കർ പറയുന്നതിങ്ങനെ
” 2011 ൽ ആണ് പെന്റമ്മ സ്വന്തം പേരിലുള്ള വസ്തു വിറ്റത്. അന്നു ലഭിച്ച തുകയുടെ പാതി അവർ നഗരത്തിൽ താമസിക്കുന്ന മൂത്ത മകനു നൽകി. ബാക്കി പണം കൈയിൽ സൂക്ഷിച്ച പെന്റമ്മ പിന്നീട് വീടുവിട്ടിറങ്ങി. തെരുവിൽ ഭിക്ഷ യാചിച്ചായിരുന്നു പിന്നീടുള്ള ജീവിതം”. പെന്റമ്മയുടെ രണ്ടാമത്തെ മകൻ നേരത്തെ തന്നെ മരിച്ചു പോയിരുന്നു. അയാളുടെ വിധവയെ തങ്ങൾ ബന്ധപ്പെട്ടിരുന്നുവെന്നും ആശ്രമത്തിലെത്തി പെന്റമ്മയെ ഏറ്റെടുക്കാൻ അവർ സന്നദ്ധത അറിയിച്ചുവെന്നും അദ്ദേഹം പറയുന്നു. ആദ്യം പെന്റമ്മയുടെ മൂത്തമകനെയാണ് തങ്ങൾ ബന്ധപ്പെട്ടതെന്നും അയാൾക്ക് അമ്മയെ ഏറ്റെടുക്കാൻ മനസ്സില്ലെന്ന് അറിയിച്ചതുകൊണ്ടാണ് ഇളയമകന്റെ വിധയെ സമീപിച്ചതെന്നും അവർ വിശദീകരിക്കുന്നു.
ഒരു ലക്ഷം രൂപയുമായി വീടുവിട്ടിറങ്ങിയ പെന്റമ്മ ഭിക്ഷാടനത്തിലൂടെ 1,34,320 രൂപ കൂടി സമ്പാദിച്ചുവെന്നും അദ്ദേഹം പറയുന്നു. ജയിലധികൃതർ പെന്റമ്മയെ ഏറ്റവുമടുത്തുള്ള എസ്ബിഐ ശാഖയിൽ കൊണ്ടുപോയി അവരുടെ പേരിൽ ഒരു സേവിങ്സ് അക്കൗണ്ട് തുടങ്ങി. തെരുവിലായിരുന്നപ്പോൾ തനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ലെന്നും ഇത്രയും വർഷമായി ഇത്രയേറെ പണം കൈയിൽ സൂക്ഷിച്ചിരുന്നതിലാണ് ഉറങ്ങാൻ കഴിയാതിരുന്നതെന്നും വൃദ്ധ പറയുന്നു.
Post Your Comments