പത്തനംതിട്ട•വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമായി മാറിയ കോന്നി-അടവി-ഗവി ടൂര്‍ പാക്കേജ് പുനരാരംഭിച്ചു. യാത്രാനിരക്കില്‍ നേരിയ മാറ്റം വരുത്തിയാണ് ടൂര്‍ പാക്കേജ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.
അടവിയിലെ കുട്ടവഞ്ചി സവാരി, വള്ളക്കടവ് വൈല്‍ഡ് ലൈഫ് മ്യൂസിയം സന്ദര്‍ശനം എന്നിവ കൂടാതെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരം ലഘുഭക്ഷണം എന്നിവയും ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടും. നിലവിലെ നിരക്കില്‍ നിന്നും 300 രൂപ വര്‍ദ്ധിപ്പിച്ച് ഒരാള്‍ക്ക് 2000 രൂപയാക്കിയാണ് കോന്നി ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജന്‍സി ടിക്കറ്റ് നിരക്ക് കൂട്ടിയത്. 10 മുതല്‍ 15 പേര്‍ വരെയുള്ള സംഘത്തിലെ ഓരോരുത്തര്‍ക്കും 1900 രൂപയും, 16 പേരുള്ള സംഘത്തിലെ ഓരോരുത്തര്‍ക്കും 1800 രൂപയുമാണ് നിരക്ക്.
നേരത്തേ 1600, 1500 രൂപ എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. രാവിലെ 7ന് കോന്നി ഇക്കോ ടൂറിസം സെന്ററില്‍ നിന്ന് ആരംഭിക്കുന്ന യാത്ര രാത്രി 9:30ന് അവസാനിക്കും. ജൈവവൈവിദ്ധ്യം കൊണ്ട് സമ്പന്നമായ കാനനഭൂമിയിലൂടെ സഞ്ചരിച്ച് വേറിട്ടൊരു അനുഭവം സഞ്ചാരികള്‍ക്ക് നല്‍കുകയാണ് ലക്ഷ്യമിടുന്നതെന്ന് കോന്നി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. കോന്നി ഇക്കോ ടൂറിസം സെന്ററില്‍ നിന്നും ആദ്യം അടവിയിലേയ്ക്കാണ് യാത്ര. ഇവിടെ കുട്ടവഞ്ചി സവാരി നടത്തിയ ശേഷം പ്രഭാതഭക്ഷണം. തുടര്‍ന്ന് തണ്ണിത്തോട്, ചിറ്റാര്‍, തീതത്തോട്, ആങ്ങമൂഴി, പ്ലാപ്പള്ളി, കോരുത്തോട്, മുണ്ടക്കയം, വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാര്‍, വള്ളക്കടവ് വഴി ഗവിയിലെത്തും. ഗവിയില്‍ നിന്നും തിരികെ വള്ളക്കടവ്, പരുന്തുംപാറ, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി, കുമ്പഴ വഴി കോന്നിയിലെത്തുന്ന രീതിയിലാണ് യാത്ര.
വള്ളക്കടവ് ചെക്ക്‌പോസ്റ്റ് മുതല്‍ ഗവി വരെ ടൈഗര്‍ റിസര്‍വ്ഡ് മേഖലയിലൂടെയാണ് യാത്ര കടന്നുപോകുന്നത്. പ്രളയം മൂലം ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഗവി റൂട്ടിലൂടെയുള്ള യാത്ര സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ താല്‍ക്കാലികമായ യാത്രാമാര്‍ഗത്തിലും അധികൃതര്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഗവിയിലേയ്ക്കുള്ള സന്ദര്‍ശകരുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉള്ളപ്പോള്‍ സുരക്ഷിതത്വവും സൗകര്യപ്രദവുമായ ടൂര്‍പാക്കേജാണ് വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്. www.konniecotourism.org എന്ന കോന്നി ഇക്കോ ടൂറിസം സെന്റര്‍ വെബ്‌സൈറ്റില്‍ ടിക്കറ്റ് മുന്‍കൂറായി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. കോന്നി ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജന്‍സിയുടെ തീരുമാനപ്രകാരം നവംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വന്നു.
Post Your Comments