Latest NewsInternational

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ആസിയ ബീബി ജയില്‍ മോചിതയായി

ഇസ്ലാമാബാദ്: രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആസിയ ബീബി ജയില്‍ മോചിതയായി. പാകിസ്ഥാനില്‍ മതനിന്ദാക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ക്രൈസ്തവ വീട്ടമ്മ ആസിയ ബീബിയെയാണ് ജയിലില്‍നിന്നും മോചിപ്പിച്ചത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു എട്ടു വര്‍ഷം കാരാഗൃഹവാസം അനുഭവിച്ച ആസിയ ബീബി കുറ്റവിമുക്തയാക്കപ്പെട്ടിട്ടും ജയില്‍ മോചനം സാധ്യമായിരുന്നില്ല. രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ആസിയയെ സര്‍ക്കാര്‍ ജയിലില്‍നിന്നും മോചിപ്പിക്കാതിരുന്നത്.

ആസിയ ബീബി ജയില്‍ മോചിതയായെന്നു അവരുടെ അഭിഭാഷകന്‍ സൈഫ് ഉല്‍ മുലൂക് അറിയിച്ചു. അവര്‍ എവിടേക്കാണ് പോകുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ തന്നെ ആസിയ ബീബിയെ മോചിപ്പിച്ചുള്ള ഉത്തരവ് മുള്‍ട്ടാനിലെ ജയിലില്‍ ലഭിച്ചു. ഇതേ തുടര്‍ന്നായിരുന്നു ജയില്‍ മോചനം. കഴിഞ്ഞ ആഴ്ചയായിരുന്നു പാക് പരമോന്നത കോടതി ആസിയ ബീബിയുടെ വധശിക്ഷ റദ്ദാക്കിയത്.

പാക്കിസ്ഥാന്‍ വിടാന്‍ സഹായിക്കണമെന്ന് ആസിയയുടെ ഭര്‍ത്താവ് ആഷിക് മസിഹ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോടും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയോടും അഭ്യര്‍ഥിച്ചിരുന്നു. കുടുംബാംഗങ്ങള്‍ അവിടെയും ഇവിടെയുമെല്ലാം ഒളിച്ചു കഴിയുകയാണ്. ആസിയ ജയിലില്‍ ആ ക്രമിക്കപ്പെടാം. വേണ്ട സുരക്ഷ നല്കാന്‍ സര്‍ക്കാര്‍ തയാറാകണം. മതനിന്ദാ കേസില്‍ കോടതി കുറ്റവിമുക്തരാക്കിയ രണ്ടു ക്രൈസ്തവവര്‍ വെടിയേറ്റു മരിച്ച കാര്യവും മസിഹ് ഓര്‍മിപ്പിച്ചു. ആസിയയുടെ അഭിഭാഷകന്‍ സൈഫ് ഉല്‍ മുലൂക് ജീവന്‍ രക്ഷിക്കാനായി പാക്കിസ്ഥാന്‍ വിട്ടിരുന്നു.

ആസിയയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിനെതിരേ പാക്കിസ്ഥാനിലുടനീളം തീവ്രനിലപാടുകാര്‍ പ്രക്ഷോഭം നടത്തിവരികയാണ്. മതനിന്ദാനിയമം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന തെഹ്രിക് ഇ ലെബെയ്ക് പാര്‍ട്ടിയാണ് നേതൃത്വം നല്‍കുന്നത്. ആസിയയെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്നും വധശിക്ഷ നീക്കി യതിനെതിരേ നല്കിയ പുനപ്പരിശോധനാ ഹര്‍ജിയെ എതിര്‍ക്കില്ലെന്നും സര്‍ക്കാര്‍ പ്രക്ഷോഭകര്‍ക്ക് ഉറപ്പു നല്കിയിരുന്നു.

അയല്‍ക്കാരികളുമായുള്ള സംഭാഷണത്തിനിടെ ഇസ്ലാമിനെ നിന്ദിച്ചു എന്നാരോപിച്ച് 2009ല്‍ അറസ്റ്റിലായ ആസിയയെ 2010ല്‍ കോടതി മതനിന്ദാ നിയമപ്രകാരം കുറ്റക്കാരിയെന്നു വിധിച്ചു. അന്നു മുതല്‍ ഏകാന്ത തടവില്‍ കഴിയുകയാണു 4 കുട്ടികളുടെ അമ്മയായ ആസിയ. പാക്കിസ്ഥാനിലെ മുന്‍ സൈനിക ഏകാധിപതി സിയാവുള്‍ ഹഖാണ് 1980 കാലഘട്ടത്തില്‍ മതനിന്ദാനിയമം കൊണ്ടുവന്നത്. ഈ നിയമം അനുസരിച്ചു കുറ്റക്കാരെന്നു കണ്ടാല്‍ മരണശിക്ഷയാണു നല്‍കുക. എന്നാല്‍ മതിയായ തെളിവുകള്‍ ഇല്ലാതെ, വ്യക്തിപരമായ പക തീര്‍ക്കാന്‍ മതനിന്ദാനിയമം പാക്കിസ്ഥാനില്‍ വ്യാപകമായി ഉപയോഗിക്കുന്നതായി പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button