ചെന്നൈ: ഉലകനായകനെന്ന് വിശേഷിപ്പിക്കുന്ന കമലഹാസന് തന്റെ 64 -ാം ജന്മദിനാഘോഷ വേളയിലാണ് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നടന് പാര്‍ട്ടി അധ്യക്ഷനായ മക്കള്‍ നീതി മയ്യം തയ്യാറാണെന്ന് വ്യക്തമാക്കിയത്. തമിഴ്നാട്ടില്‍ 20 നിയമസഭാ സീറ്റുകളിലേക്കാണ് ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്നത് സംശയകരമാണെങ്കിലും എപ്പോള്‍ നടത്തിയാലും നേരിടാന്‍ പാര്‍ട്ടി സന്നദ്ധമാണെന്ന് നടന് അറിയിച്ചു. ചെന്നൈയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
വാഗ്ദാനങ്ങള്‍ ഒന്നും നല്‍കുന്നില്ലെന്നും എന്നാല്‍ ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്നും കമല്‍ അറിയിച്ചു. തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാഡിഎംകെയില്‍ ടി.ടി.വി ദിനകരനോടൊപ്പം നിന്ന 18 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. എംഎല്‍എമാരെ അയോഗ്യരാക്കിയ 18 സീറ്റുകള്‍ക്കു പുറമേ മറ്റ് രണ്ട് സീറ്റുകള്‍ കൂടിയാണ് ഇപ്പോള്‍ ബാക്കി നില്‍ക്കുന്നത്. തമിഴ്നാട്ടില്‍ ഉപതെരഞ്ഞെടുപ്പിനുളള ചിത്രം തെളിഞ്ഞെങ്കിലും ഇതിനുളള കൃത്യമായ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Post Your Comments