PoliticsKeralaLatest NewsNews

‘ലോകം പകച്ചുനിന്നപ്പോള്‍ പോലും കരുത്ത് തെളിയിച്ചു, അവാർഡുകൾ ലഭിച്ചു’: ശൈലജയ്ക്ക് വോട്ടഭ്യര്‍ഥിച്ച് കമല്‍ ഹാസന്‍

കോഴിക്കോട്: വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ പോരാട്ടത്തില്‍ പതറാത്ത കെ.കെ. ശൈലജയെപ്പോലുള്ള നേതാക്കള്‍ ലോക്‌സഭയിലെത്തേണ്ടത് നാടിന് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു കമൽ ഹാസൻ ശൈലജയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചത്. കോവിഡിനും നിപ വൈറസ് വ്യാപനത്തിനുമെതിരെ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹം ഓര്‍മിപ്പിച്ചു.

‘നാളിതുവരെ നടന്ന തിരഞ്ഞെടുപ്പിനും ഇത്തവണ വോട്ടുരേഖപ്പെടുത്താന്‍ പോകുന്ന തിരഞ്ഞെടുപ്പിനും ഏറെ വ്യത്യാസമുണ്ട്. നമ്മള്‍ വോട്ടുചെയ്യുന്നത് രാജ്യത്തെ ഇന്ത്യയില്‍ തന്നെ നിലനിര്‍ത്താന്‍ കൂടിയാണ്. ആ പോരാട്ടത്തില്‍ പ്രധാനകണ്ണിയാവാന്‍ പോകുന്ന നേതാക്കളില്‍ ഒരാളാണ് വടകരയില്‍നിന്ന് മത്സരിക്കുന്ന ഇടത് എന്റെ പ്രിയ്യപ്പെട്ട സഹോദരി കെ.കെ. ശൈലജ. ലോകം പകച്ചുനിന്ന കാലത്തുപോലും കരുത്തും നേതൃപാടവവും തെളിയിച്ച നേതാവാണ് കെ.കെ. ശൈലജ. വടകര മണ്ഡലത്തിന് തൊട്ടടുത്ത് കോഴിക്കോട് ജില്ലയില്‍ 2018-ല്‍ നിപ വൈറസ് ആക്രമണമുണ്ടായപ്പോള്‍, ഓഫീസില്‍നിന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയല്ല അന്ന് സംസ്ഥാന ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ ചെയ്തത്. കോഴിക്കോട് ക്യാമ്പ് ചെയ്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അവശ്യമരുന്നുകളെത്തിച്ച് മാതൃകാപരമായി പ്രവർത്തിച്ചു.

ഇതിലും മികച്ചതായിരുന്നു കോവിഡ് കാലത്ത് ആരോഗ്യമന്ത്രിയെന്ന നിലയക്ക് കെ.കെ. ശൈലജയുടെ പ്രവര്‍ത്തനം. കോവിഡ് നിയന്ത്രണത്തില്‍ കേരളം രാജ്യത്തിന് മാതൃകയായിരുന്നു. അതിന് വഴിവെച്ചത് ശൈലജയുടെ നേതൃത്വം തന്നെയാണ്. ലോകാരോഗ്യസംഘടനയും സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുമൊക്കെ അവരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ച് അവാര്‍ഡുകള്‍ നല്‍കി. ഐക്യരാഷ്ട്രസഭ പ്രത്യേക പ്രതിനിധിയായി അവരുടെ സമ്മേളനത്തിലേക്ക് ശൈലജയെ ക്ഷണിച്ചു. ലോകമാധ്യമങ്ങള്‍ ശൈലജയുടെ കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി എഴുതിയത് നമ്മള്‍ മറന്നിട്ടില്ല. ഇങ്ങനെ ചിന്തയും പ്രവൃത്തിയുംകൊണ്ട് ലോകത്തിന്റെ ആദരം നേടിയ വ്യക്തിയാണ് കെ.കെ. ശൈലജ’, കമൽ ഹാസൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button