തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിൽ പരിഷ്‌കരണം നടത്തുന്നു. സർവകലാശാലകളിലും കോളേജുകളിലും കരാർവ്യവസ്ഥയിൽ അധ്യാപകരെ നിയമിക്കാനുള്ള നിർദേശവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. അഞ്ചുവർഷത്തെ കരാറിൽ (ടെന്യുർ ട്രാക്ക്) അധ്യാപക നിയമനം നടത്തണമെന്ന നിർദേശമാണ് ആസൂത്രണ ബോർഡിന് മുമ്പാകെ വെച്ചത്.
സർക്കാർ, എയ്ഡഡ് കോളേജുകളിലും സർവകലാശാലകളിലും ആയിരത്തിൽപ്പരം അധ്യാപക ഒഴിവുകളുണ്ട്. അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ സർവകലാശാലകളിലും രണ്ട് കോഴ്‌സ് വീതമെങ്കിലും അനുവദിക്കാനും സർക്കാർ ഉദ്ദേശിക്കുന്നു. കോളേജുകളിലും പുതിയ കോഴ്‌സുകൾ തുടങ്ങും. ആധുനിക രീതിയിലുള്ള കോഴ്‌സുകൾ കൂടുതലായി തുടങ്ങിയാലേ വ്യവസായ, വാണിജ്യ മേഖലയിലും മറ്റും ആവശ്യമുള്ള തൊഴിൽയോഗ്യത ചെറുപ്പക്കാർക്ക് നേടാനാകൂവെന്നതിന്റെ അടിസ്ഥാനത്തിലാണിത്.
അധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നത് ‘നാക്’ അക്രഡിറ്റേഷനെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രെയിംവർക്കിന്റെ റാങ്കിങ്ങിനെയും ബാധിക്കും. സംസ്ഥാനത്തെ പല സർവകലാശാലകളും അക്രഡിറ്റേഷനിലും റാങ്കിങ്ങിലും പിന്നിലായത് അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാലാണ്.
Post Your Comments