Latest NewsSaudi Arabia

സാമ്പത്തികക്കുരുക്കിൽ പെട്ട് തടവിലായ രണ്ടു മലയാളികൾ നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

അൽഹസ്സ: സാമ്പത്തികക്രമക്കേടിനെത്തുടർന്ന് അൽഹസ്സയിൽ സ്‌പോൺസറുടെ തടവറയിൽ കഴിയേണ്ടി വന്ന രണ്ടു മലയാളികൾ, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിനെത്തുടർന്ന്, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തിരുവനന്തപുരം സ്വദേശി വിപിൻ, ഹരിപ്പാട് സ്വദേശി സുരേഷ് കുമാർ എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

സൗദിയിലെ പ്രശസ്തമായ ഒരു കമ്പനിയിലെ ദമ്മാം ബ്രാഞ്ചിൽ സെയിൽസ് വിഭാഗത്തിൽ ജീവനക്കാരായിരുന്നു രണ്ടു പേരും. സെയിൽസുമായി ബന്ധപ്പെട്ട് ഇവർ നടത്തിയ ഇടപാടുകളിൽ, ഒരാൾ ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരം റിയാലും, മറ്റെയാൾ എഴുപത്തി അയ്യായിരം റിയാലും കുറവ് വന്നതിനെത്തുടർന്ന്, ഇവർ ക്രമക്കേട് നടത്തിയതായി ആരോപിച്ച കമ്പനി, ആ പണം രണ്ടുപേരും തിരികെ അടയ്ക്കാൻ കർശനമായി നിർദ്ദേശിയ്ക്കുകയായിരുന്നു. തുടർന്ന് ഗത്യന്തരമില്ലാതെ രണ്ടുപേരും ജിദ്ദ വഴി നാട്ടിലേയ്ക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും, കമ്പനി നൽകിയ പരാതി കാരണം തായിഫിൽ വെച്ച് പോലീസ് പിടിയിലായി. 15 ദിവസം തായിഫ് പോലീസ് ലോക്കപ്പിൽ കിടന്ന അവരെ. സ്പോൺസർ അൽഹസ്സയിൽ ആയതു കാരണം അൽഹസ്സ മുബാറസ് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. തുടർന്ന് കമ്പനി അധികൃതരെത്തി ഇവരെ ജാമ്യത്തിൽ ഇറക്കി കൊണ്ടുപോകുകയായിരുന്നു.

കമ്പനിയ്ക്ക് നഷ്ടമായ പണം തിരികെ കിട്ടാനായി ഇവരെ സമ്മർദ്ദത്തിലാക്കാനായി ഫാക്റ്ററിയിലെ ഓരോ മുറിയിലായി പ്രത്യേകം പ്രത്യേകമായി ഇവരെ പൂട്ടിയിടുകയായിരുന്നു. ഇവർ പല സാമൂഹ്യപ്രവർത്തകരെയും, സംഘടനകളെയും ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചെങ്കിലും, ഈ സ്വഭാവത്തിലുള്ള കേസായതിനാൽ ആരും ഇടപെട്ടില്ല. സോഷ്യൽ മീഡിയ വഴി തങ്ങളുടെ ദുരവസ്ഥ ഇവർ പ്രചരിപ്പിച്ചതോടെ, നാട്ടിൽ നിന്നും പരാതി ലഭിക്കാത്തതിനെത്തുടർന്ന് ഇന്ത്യൻ എംബസ്സി ഇടപെട്ട്, നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖല ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി, സാമൂഹ്യപ്രവർത്തകൻ മണി മാർത്താണ്ഡം എന്നിവരെ ഈ കേസിൽ ഇടപെടാൻ ചുമതലപ്പെടുത്തി.

അബ്ദുൾ ലത്തീഫും, മണിയും കമ്പനി സന്ദർശിയ്ക്കുകയും, ഇവരെ കണ്ടു സംസാരിയ്ക്കുകയും ചെയ്തു, കാര്യങ്ങൾ വിശദമായി മനസ്സിലാക്കി. തുടർന്ന് രണ്ടുപേരും കമ്പനി അധികാരികളുമായും, ഇവരുടെ സ്പോൺസറുമായും പല ദിവസങ്ങളിലായി നീണ്ട ചർച്ചകൾ നടത്തി. ഏറെ ചർച്ചകൾക്കൊടുവിൽ, ഇവർ നഷ്ടമായ പണം തിരിച്ചടച്ചാൽ, മറ്റുള്ള നിയമനടപടികളും, കേസുമെല്ലാം ഒഴിവാക്കി ഫൈനൽ എക്സിറ്റ് നൽകി നാട്ടിലേയ്ക്ക് അയയ്ക്കാം എന്ന് കമ്പനി സമ്മതിച്ചു.

തുടർന്ന് അബ്ദുൾ ലത്തീഫിന്റെയും മണിയുടെയും സാന്നിദ്ധ്യത്തിൽ പൈസ തിരികെ നൽകാമെന്ന് വിപിനും, സുരേഷും എഴുതിനൽകി. തുടർന്ന് നാട്ടിൽ നിന്നും പണം വരുത്തി, രണ്ടുപേരും നഷ്ടമായ പണം കമ്പനിയിൽ തിരികെ അടച്ചു. മറ്റു നിയമനടപടികൾ പൂർത്തിയായപ്പോൾ, രണ്ടുപേരും നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button