തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും മരണം ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. ഇരുവരുടെയും മരണത്തില്‍ പോലീസിന് ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. അപകടസമയത്ത് കാറോടിച്ചിരുന്നതാരെന്നു കണ്ടെത്തുന്നതിനായി അപകടത്തെക്കുറിച്ച് പോലീസ് ശാസ്ത്രീയവിശകലനം നടത്താനൊരുങ്ങുകയാണ് പോലീസ്. അപകടത്തില്‍നിന്നു രക്ഷപ്പെട്ട ഡ്രൈവര്‍ അര്‍ജ്ജുന്റെയും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് പോലീസിനെ വലക്കുന്നത്. അപകടസമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌കറാണെന്നാണ് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍ മൊഴിനല്കിയത്. എന്നാല്‍, കഴിഞ്ഞദിവസം ലക്ഷ്മി മൊഴിനല്‍കിയത് അര്‍ജ്ജുനാണ് കാറോടിച്ചിരുന്നതെന്നാണ്.
ആറ്റിങ്ങല്‍ ഡിവൈ.എസ്പിക്കു നല്‍കിയ മൊഴിയില്‍ അപകടം നടക്കുമ്പോള്‍ ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. വാഹനമോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആണ്. ലക്ഷ്മി മകള്‍, തേജസ്വിനിക്കൊപ്പം മുന്‍സീറ്റിലായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ സാധാരണ ബാലഭാസ്‌കര്‍ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നല്‍കി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി തിങ്കളാഴ്ചയായിരുന്നു ആശുപത്രി വിട്ടത്. അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന അര്‍ജുന്‍ തൃശൂരിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണു മൊഴി നല്‍കിയത്. അതനുസരിച്ച്, തൃശൂരില്‍നിന്നുള്ള മടക്കയാത്രയില്‍ കൊല്ലം വരെ മാത്രമേ താന്‍ വാഹനം ഓടിച്ചിരുന്നുള്ളൂവെന്നും പിന്നീട് ബാലഭാസ്‌കറാണ് ഓടിച്ചതെന്നുമാണ് അര്‍ജുന്‍ വെളിപ്പെടുത്തിയത്.
ബാലഭാസ്‌കറിന്റെയും കുഞ്ഞിന്റെയും മൃതദേഹപരിശോധന നടത്തിയ ഡോക്ടറില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. ഇതിലൂടെ അപകടസമയത്ത് ഓരോരുത്തരും കാറിനുള്ളില്‍ ഏത് സീറ്റിലായിരുന്നുവെന്നതു സംബന്ധിച്ച് വിവരം ശേഖരിക്കാന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. കാറോടിച്ചിരുന്നതാരെന്നു കണ്ടെത്താനായി ഫാറന്‍സിക് വിദഗ്ദ്ധരുടെയും മോട്ടോര്‍വാഹന വകുപ്പിന്റെയും സഹായം തേടിയിട്ടുണ്ട്. സംഭവസമയത്ത് ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരുടെ മൊഴികളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഡ്രൈവര്‍സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറായിരുന്നുവെന്ന് മറ്റൊരാളും മൊഴികൊടുത്തിട്ടുണ്ട്.
Post Your Comments