ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയ കൈക്കോര്‍ത്തപ്പോള്‍ 2 വയസ്സുകാരിയുടെ ഓപ്പറേഷനായി 6 മണിക്കൂറില്‍ സ്വരൂപിച്ചത് 16 ലക്ഷം രൂപ. രണ്ടര വയസ്സായിട്ടും ആദ്യ ചുവടുകള്‍ വെയ്ക്കാന്‍ സാധിക്കാത്ത ഒരു പെണ്‍കുഞ്ഞിന് വേണ്ടിയാണ് സോഷ്യല്‍ മീഡിയ ലോകം കൈകോര്‍ത്തത്. കണ്‍ജെനൈറ്റല്‍ സ്യൂഡാര്‍ത്രോസിസ് ഓഫ് തിബിയ അഥവാ സിപിടി എന്ന അവസ്ഥയാണ് ആരുഷിയ്ക്ക് ബാധിച്ചിട്ടുള്ളത്.
എല്ലില്‍ പൊട്ടല്‍ വീഴുകയും ഇത് സ്വാഭാവികമായ രീതിയില്‍ കൂടിച്ചേരാത്ത അവസ്ഥയുമാണ് സിപിടി. ഇത് ശരിപ്പെടുത്താനുള്ള സര്‍ജറിക്കും, ഓപ്പറേഷന് ശേഷമുള്ള പരിചരണത്തിനുമായി 16 ലക്ഷം രൂപ വേണ്ടിവരും. പ്രസവത്തിനിടെ ആരുഷിയുടെ അമ്മ മരണത്തിന് കീഴടങ്ങി. 20 ദിവസത്തിന് ശേഷം പിതാവും മരിച്ചതോടെ ആരുഷിയ്ക്ക് തുണയേകേണ്ടത് 78-കാരനായ മുത്തശ്ശന്റെ ചുമതലയാണ്. സഹായത്തിനായി പല വാതിലുകളും മുട്ടിയെങ്കിലും കാര്യങ്ങള്‍ എവിടെയും എത്തിയില്ല.
ആരുഷിക്ക് ഒരു ഇരട്ട സഹോദരന് കൂടിയുണ്ട്. കുട്ടിക്ക് ഒരു വയസ്സ് തികഞ്ഞപ്പോഴാണ് കാലിലെ വളവ് ശ്രദ്ധയില്‍ പെടുന്നത്. ഡോക്ടറെ കാണിച്ചപ്പോഴാണ് സിപിടിയാണെന്നും എല്ലുകള്‍ ഭാവിയില്‍ പൊട്ടുമെന്നും തിരിച്ചറിയുന്നത്. പോലീസ് കോണ്‍സ്റ്റബിളായി വിരമിച്ച ആരുഷിയുടെ മുത്തശ്ശനെ സഹായിക്കാന്‍ പക്ഷെ ഓണ്‍ലൈന്‍ ലോകം തയ്യാറായിരുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജാണ് ഇവരുടെ കഥ പങ്കുവെച്ചത്.
ആരുഷിയുടെ സര്‍ജറിക്കായി ഒരു ഫണ്ട് സ്വരൂപണവും ഇവര്‍ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് പേരിലേക്ക് ആരുഷിയുടെ കഥയെത്തി, സഹായങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. ആറ് മണിക്കൂര്‍ കൊണ്ട് 980 പേര് ചേര്‍ന്ന് 16 ലക്ഷം സംഭാവനയും നല്കി.
Post Your Comments