അങ്കാറ: ഇസ്താംബൂളിലെ സൗദി അറേബ്യ കോണ്‍സുലേറ്റില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവുകള്‍. ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി സൗദി കോണ്‍സുലര്‍ ജനറലിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്ന് തുര്‍ക്കി പത്രം വെളിപ്പപെടുത്തി. ഖഷോഗിയെ കൊലപ്പെടുത്തിയ ശേഷം ജമാല്‍ ഖഷോഗിയുടെ മൃതദേഹം വെട്ടിനുറുക്കിയെന്ന അഭ്യൂഹങ്ങള്‍ക്ക് സ്ഥിരീകരണം നല്‍കുകയാണ് തുര്‍ക്കി പത്രമായ സബാഹ്. മൃതദേഹം അഞ്ച് സ്യൂട്ട് കെയ്‌സുകളിലാക്കി സൗദി കോണ്‍സുല്‍ ജനറലിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് പത്രം പറയുന്നത്.
15അംഗ കൊലയാളി സംഘത്തിലെ മഹെര്‍ മുതര്‍ബ്, സലാ തുബൈഗി, താര്‍ അല്‍ ഹര്‍ബി എന്നിവരാണ് ഈ കൃത്യം നിര്‍വ്വഹിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹായി ആണ് മുത്തര്‍ബ്. മറ്റുരണ്ടുപേരില്‍ ഒരാള്‍ സൗദിയുടെ ഫോറന്‍സിക് തലവനും മറ്റൊരാള്‍ സൗദി ആര്‍മിയിലെ കേണലുമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 15 അംഗ കൊലയാളി സംഘത്തില്‍ മൂന്ന് പേര്‍ക്കായിരുന്നു മൃതദേഹം മാറ്റാനുള്ള ചുമതലയെന്നും തുര്‍ക്കി ഔദ്യോഗിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
യു.എസ് മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ സൗദി റിപ്പോര്‍ട്ടറും കോളമിസ്റ്റുമായ ഖഷോഗിയെ ഈ മാസം രണ്ടാം തീയതി മുതലാണ് കാണാതായത്. സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകരിലൊരാളായിരുന്നു ജമാല്‍ ഖഷോഗി. ഈസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ പിന്നീട് കാണാതാകുകയായിരുന്നു. ഖഷോഗിയെ കാണാതായതില്‍ പങ്കില്ലെന്നായിരുന്നു സൗദി സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. കൊലപാതകം നടന്ന ഒക്ടോബര്‍ രണ്ടിന് സൗദി കോണ്‍സുല്‍ ജനറലിന്റെ വീടിന് 200 മീറ്റര്‍ മാത്രം അകലെ നിരവധി വാഹാങ്ങളുടെ അകമ്പടിയില്‍ മൂന്നുപേര്‍ എത്തിയ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
രണ്ടുമണിക്കൂര്‍ ശേഷം മുര്‍ത്തബ്, കോണ്‍സുല്‍ ജനഖലിന്റെ വീട്ടില്‍ നിന്നും ഇറങ്ങി വരുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് 18 സൗദി പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല, ജനറല്‍ ഇന്റലിജന്‍സ് തലപ്പത്ത് നിന്ന് കേണല്‍ അഹമദ് അല്‍അസീരിയെയും റോയല്‍ കോര്‍ട്ട് ഉപദേശക സ്ഥാനത്ത് നിന്ന് സൗദ് അല്‍ഖഹ്താനിയെയും പുറത്താക്കി ഉത്തരവും വന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സല്‍മാന്‍ രാജകുമാരന്‍ അദ്ധ്യക്ഷനായ കമ്മിറ്റി രൂപീകരിക്കുമെന്നും സൗദി വ്യക്തമാക്കി.
Post Your Comments