Latest NewsKerala

ശബരിമല റിട്ട് ഹര്‍ജികള്‍ പരിഗിണിക്കുന്ന 13ന് സുപ്രിം കോടതിയില്‍ എന്തു സംഭവിക്കും?

പ്രതീക്ഷയ്ക്ക് വകയില്ല : നിയമ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഒരുമാസത്തിലേറെയായി ശബരിമല വിവാദം ആളിക്കത്തുകയാണ്. യുവതികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ സ്ത്രീകളെ ശബരിമലയിലേയ്ക്ക് പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നു. പല പ്രക്ഷോഭങ്ങളുടേയും സമരങ്ങളുടേയും ചുക്കാന്‍ പിടിച്ചത് സ്ത്രീകളായിരുന്നു. ലക്ഷകണക്കിന് സ്ത്രീകളാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. ആര്‍.എസ്.എസ്, ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സന്നിധാനത്ത് നടന്ന സമരങ്ങള്‍ അക്രമാസക്തമായി. ഇതോടെ ദേവസ്വംബോര്‍ഡിന്റെയും ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തില്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു.

രാജ്യമൊട്ടാകെ ഇപ്പോള്‍ ഉറ്റുനോക്കുന്നത്
സുപ്രിം കോടതിയിലേയ്ക്കാണ്. നവംബര്‍ പതിമൂന്നിനു കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍നിന്നുണ്ടാവുന്ന നടപടികളിലാണ്, യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും പ്രതീക്ഷ വയ്ക്കുന്നത്. എന്നാല്‍ അത്തരമൊരു പ്രതീക്ഷയ്ക്കു വലിയ സാധ്യതയൊന്നുമില്ലെന്നാണ് നിയമരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട മൂന്നു റിട്ട് ഹര്‍ജികളാണ് പതിമൂന്നിന് സുപ്രിം കോടതിയുടെ പരിഗണയ്ക്കു വരുന്നത്. ഈ ഹര്‍ജികളില്‍ പതിമൂന്നിന് ഉച്ചയ്ക്കു മൂന്നു മണിക്ക് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. എന്നാല്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിയ്ക്കെതിരെ നിലപാടെടുക്കാന്‍ റിട്ട് പരിഗണിക്കുന്ന മൂന്നംഗ ബെഞ്ചിനാവില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

”ഭരണഘടന ബെഞ്ചിന്റെ വിധി മൂന്നംഗ ബെഞ്ചിനു ബാധകമാണ്. അതുകൊണ്ടുതന്നെ റിട്ട് പരിഗണിക്കുമ്പോള്‍ യുവതീ പ്രവേശനം സംബന്ധിച്ച് എന്തെങ്കിലും നടപടികളുണ്ടാവുമെന്നു പ്രതീക്ഷിക്കാനാവില്ല” – അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ കാളീശ്വരം രാജ് പറയുന്നു. യുവതീ പ്രവേശനവുമായ ബന്ധപ്പെട്ട റിട്ട് ഹര്‍ജി തള്ളുകയോ അതിനെ റിവ്യൂ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ മാറ്റുകയോ ആണ് കോടതിയില്‍നിന്നുണ്ടാകാവുന്ന നടിപടികളെന്ന് അദ്ദേഹം പറയുന്നു.

കോടതി വിധി പുറപ്പെടുവിച്ച കാര്യത്തില്‍ റിട്ട് ഹര്‍ജികള്‍ സാധാരണ കോടതി അംഗീകരിക്കാറില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് ശബരിമല റിട്ട ഹര്‍ജികളില്‍ പ്രതീക്ഷയ്ക്കു വകയില്ലെന്ന് നിയമ വിദഗ്ധര്‍ പറയുന്നത്. ഭരണഘടനാ ബെഞ്ചിന്റെ വിധി പുനപ്പരിശോധിക്കുന്നതിനുള്ള നിയമപരമായ മാര്‍ഗം റിവ്യൂ ഹര്‍ജി മാത്രമാണെന്ന് അവര്‍ പറയുന്നു. റിവ്യൂ ഹര്‍ജി തള്ളിയാല്‍ തിരുത്തല്‍ ഹര്‍ജി നല്‍കാനും അവസരമുണ്ട്.

ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നാല്‍പ്പതിലേറെ റിവ്യു ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇത് എന്നു കേള്‍ക്കുമെന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല. റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്ന പതിമൂന്നിനു തന്നെ റിവ്യു ഹര്‍ജികളും പരഗിണിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. വിധി പുറപ്പെടുവിച്ച ബെഞ്ച് തന്നെയാണ് റിവ്യൂ ഹര്‍ജികളും പരഗണിക്കേണ്ടത്. വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചില്‍ അംഗമായിരുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാല്‍ പകരം ആളെ നിയോഗിക്കേണ്ടതുണ്ട്. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയോ അദ്ദേഹം നിയോഗിക്കുന്ന ജഡ്ജിയോ ആവും റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിലുണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button