തിരുവനന്തപുരം: കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി ഓഫീസുകളില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തി. എന്‍ജിനിയറിംഗ് വിഭാഗത്തില്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്കുന്നതിലും മറ്റും വ്യാപക അഴിമതി നടക്കുന്നതായി വിജിലന്‍സ് ഡയറക്ടര്‍ ബി.എസ്.മുഹമ്മദ് യാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ലഭിക്കുന്ന അപേക്ഷകളില്‍ കൈക്കൂലിക്ക് വേണ്ടി മനഃപൂര്‍വം കാലതാമസം വരുത്തുന്നതായും നിലവിലെ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് രഹസ്യ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു മിന്നല്‍ പരിശോധന. സേവനാവകാശ കാലാവധി കഴിഞ്ഞിട്ടും കെട്ടിട നിര്‍മ്മാണ അനുമതി നല്‍കാത്ത 2900ല്‍ പരം അപേക്ഷകളും ഒക്കുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത 1200ല്‍ പരം അപേക്ഷകളും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം കോര്‍പറേഷനില്‍ ഒക്കുപ്പെന്‍സി സര്‍ട്ടിഫിക്കറ്റിനായി ലഭിച്ച അപേക്ഷകളുടെ എണ്ണം പോലും ലഭ്യമല്ല. ബഹുനില മന്ദിരങ്ങള്‍ക്ക് സെല്ലാര്‍ ഫ്‌ളോര്‍ നിര്‍മ്മിക്കുന്നതിന് റവന്യു, ജിയോളജി വകുപ്പുകളുടെ അനുമതി വേണമെന്നിരിക്കെ ഒട്ടുമിക്കതും അനുമതി വാങ്ങാതെയാണ് നിര്‍മിക്കുന്നത്. പാര്‍ക്കിംഗ് ഏരിയ, ടോയ്‌ലെറ്റുകള്‍ തുടങ്ങിയവയ്ക്ക് കെട്ടിട നിര്‍മ്മാണ ചട്ടമനുസരിച്ചല്ല അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഒക്കുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ് കിട്ടിയ കെട്ടിടങ്ങള്‍ പലതും അനുമതി പ്രകാരമല്ല നിര്‍മ്മിച്ചിരിക്കുന്നത്. 49 മുനിസിപ്പാലിറ്റിയിലും 5 കോര്‍പറേഷനിലും ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധന വൈകിയാണ് അവസാനിച്ചത്. പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളുടെ വിശദ റിപ്പോര്‍ട്ട് മേല്‍നടപടികള്‍ക്കായി സര്‍ക്കാരിന് കൈമാറുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.
Post Your Comments